മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ തല ബോംബുവച്ച് തകര്‍ക്കുമെന്ന് ടെലിഫോണ്‍ ഭീഷണി നടത്തിയ സ്ത്രീ കുടുങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഈ സ്ത്രീ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഈ ഭീഷണി മുഴക്കിയത്. സെക്രട്ടേറിയറ്റിലും നിയമസഭാമന്ദിരത്തിലും ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ 'തല' ഉന്നമിട്ടാണ് ബോംബ് വച്ചിട്ടുള്ളതെന്നും വിളിച്ച സ്‌ത്രീ പറഞ്ഞു.
സ്ത്രീയുടെ ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രംഗത്തെത്തി. സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും അരിച്ചുപെറുക്കി എങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സന്ദേശം വ്യാജമെന്ന് മനസിലാവുകയായിരുന്നു. എന്തായാലും, സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായി പൊലീസ് വകുപ്പ് സൈബര്‍ പൊലീസിന്റെ സേവനം പൊലീസ് തേടി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കവടിയാര്‍ ടവര്‍ പരിധിയില്‍നിന്നാണു ഫോണ്‍ സന്ദേശമെന്നു സൈബര്‍ പോലീസ് കണ്ടെത്തി. ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞതോടെ സ്ത്രീ പിടിയിലുമായി. കവടിയാറില്‍ നിന്ന് അറസ്റ്റുചെയ്ത ഈ സ്ത്രീയെ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും സ്ത്രീയുടെ പേരും വിലാസവും പൊലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.