ശ്രീനിജന്‍: അന്വേഷിക്കാന്‍ കോടിയേരിയോട് വി‍എസ്

തിരുവനന്തപുരം| WEBDUNIA|
PRO
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശ്രീനിജനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‌ മുഖ്യമന്ത്രി വി‍എസ് അച്യുതാനന്ദന്‍ നിര്‍ദേശം നല്‍കി. ശ്രീനിജനെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം. മട്ടാഞ്ചേരി സ്വദേശി ഷമീറാണ് ശ്രീനിജനെതിരേ പരാതി നല്‍കിയത്.

ഞാറയ്ക്കല്‍ നിയോജകമണ്ഡലത്തിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശ്രീനിജന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു ഷമീറിന്‍റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിനാണു വി‍എസ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ശ്രീനിജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ മരുമകനെന്ന സ്വാധീനം ഉപയോഗിച്ച് ശ്രീനിജന്‍ പല പ്രമാദമായ കേസുകളും ഒതുക്കിത്തീര്‍ക്കുകയും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ചില നേതാക്കള്‍ക്ക് വഴിവിട്ട് ഒത്താശ ചെയ്തുകൊടുത്തതായും ആരോപണം ഉയര്‍ന്നിരുന്നു.

സി‍പി‍എമ്മും പാര്‍ട്ടി പത്രമായ ദേശാഭിമാനിയും ശ്രീനിജനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല എന്ന് പ്രമുഖ മാധ്യമങ്ങള്‍ ഈയടുത്ത ദിവസം വിമര്‍ശിച്ചിരുന്നു. പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ശ്രീനിജന്‍ സഹായിച്ചതിന്‍റെ പ്രത്യുപകരം ആണ്‌ ഈ മൌനം എന്നായിരുന്നു ചില മാധ്യമങ്ങളുടെ വ്യാഖാനം. ഈ സാഹചര്യത്തിലാണ്‌ ശ്രീനിജന്‍റെ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്‌.

ഇതിനിടെ, ജസ്റ്റിസ് ബാലകൃഷ്ണന്‌ എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്‍റണി തൃശൂരില്‍ പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്നതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടെങ്കില്‍ അന്വേഷിക്കേണ്ടതാണെന്നും ആന്‍റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :