സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (09:05 IST)
ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണ നല്‍കാന്‍ 2005-ല്‍ രൂപീകരിച്ച ആക്റ്റ് അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ 2005-ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍, നിയമസേവനത്തിന് നിയുക്തരായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, സേവനകേന്ദ്രങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ഇതേ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി.
ഭരണഘടനയുടെ അനുച്ഛേദം 14 തുല്യതയ്ക്കുള്ള അവകാശം പൗരന് നല്‍കുമ്പോള്‍ അനുച്ഛേദം 15 ജാതിയുടെയോ മതത്തിന്റെയോ ലിംഗവ്യത്യാസത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരുതരത്തിലുമുള്ള വിവേചനവും പാടില്ലായെന്ന് അനുശാസിക്കുന്നു. അനുച്ഛേദം 15(3) സ്ത്രീകള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പ്രത്യേക നിയമനിര്‍മാണം അനുശാസിക്കുന്നു. സ്ത്രീപക്ഷ കാഴ്ച്ചപ്പാട് സമൂഹത്തിന് വേണം എന്ന നമ്മള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അത്തരം സ്ത്രീപക്ഷ കാഴ്ച്ചപ്പാട് ഇല്ലാത്തതുകൊണ്ടാണ് ഗാര്‍ഹികപീഡനങ്ങളും തൊഴിലിടങ്ങളിലെ പീഡനങ്ങളുമൊക്കെയുണ്ടാകുന്നതെന്നും അഡ്വ. പി.സതീദേവി പറഞ്ഞു.