സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗ നീതി ഉറപ്പാക്കും; കുറ്റവാളികള്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 മെയ് 2022 (16:23 IST)
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗ നീതി ഉറപ്പാക്കുമെന്നും കുറ്റവാളികള്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ലിംഗനീതി ഉറപ്പാക്കുന്നതിലും ശക്തമായ നടപടികളുമായാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ രാജ്യത്തെ ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണു കേരളം. തദ്ദേശ സ്ഥാപനങ്ങളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്.

സ്ത്രീകളുടെ അവകാശ സംരക്ഷണ കാര്യത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനു വലിയതോതില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെ ദൂരം പോകാനുമുണ്ട്. എന്നാല്‍ പല വികസന സൂചികകളിലും രാജ്യശരാശരിയേക്കാള്‍ മുന്‍പന്തിയിലെത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഗര്‍ഭസ്ഥശിശു മരണനിരക്കില്‍ രാജ്യത്തെ നിരക്ക് 103 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 30 മാത്രമേ ഉള്ളൂ. സ്ത്രീകളുടെ ആയൂര്‍ദൈര്‍ഘ്യം രാജ്യ ശരാശരി 70.7 വര്‍ഷമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 80 വര്‍ഷമാണ്. 51 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണു രാജ്യത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ചേരുന്നത്. കേരളത്തില്‍ ഇത് 83 ശതമാനമാണ്. വനിതാ തൊഴിലാളികളുടെ ദിവസ വേതന ശരാശരി കേരളത്തില്‍ 406 രൂപയാണ്. രാജ്യത്തെ ശരാശരി 211 രൂപയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :