വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 9 ജനുവരി 2021 (18:39 IST)
കൊച്ചി: സംസ്ഥാനത്ത്
സിനിമ തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള. കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീയറ്ററുകൽ നഷ്ടം സഹിച്ച് തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഫിയോക് എത്തിയത്. ഇത് ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച രാവിലെ ആരംഭിച്ച യോഗം വൈകുന്നേരമാണ് അവസാനിച്ചത്.
നഷ്ടം സഹിച്ച് തീയറ്ററുകൾ തുറക്കണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ തീയറ്ററുകൾ തുറക്കേണ്ടതില്ല എന്ന് ഫിയോക്കിന്റെ സമ്പൂർണ ജനറൽ ബോഡി യോഗം തീരുമാനിയ്ക്കുകയായിരുന്നു. വിജയ് ചിത്രം മാസ്റ്ററാണ് തീയറ്ററുകളിൽ എത്താനുള്ള വലിയ ചിത്രം. എന്നാൽ ഇതിന് ശേഷം മലയാള സിനിമകൾ റിലീസിന് തയ്യാറാവുമോ എന്നത് വിതരണക്കാരും നിർമ്മാതാക്കളും വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി മാത്രം തീയറ്റർ തുറക്കുന്നത് വലിയ നഷ്ടത്തിന് കാരണമാകും എന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ്. ഉടൻ തീയറ്ററുകൾ തുറക്കേണ്ടതില്ല എന്ന നിലപാടിലേയ്ക്ക് ഫിയോക് എത്തിയത്.