aparna shaji|
Last Modified വെള്ളി, 10 മാര്‍ച്ച് 2017 (12:43 IST)
ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഒരുതരം ആശയത്തെയും തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് കിസ്സ് ഓഫ് ലവ് പ്രവർത്തകർ. പീഡോഫൈലുകളെ പിന്തുണയ്ക്കുന്നവർ കിസ്സ് ഓഫ് ലവ് പ്രവർത്തകർ അല്ലെന്നും അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കുന്നു.
കേരളസമൂഹം മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ സദാചാര ഗുണ്ടായിസങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കുള്ള അക്രമങ്ങളുടെയും ഒരു പരമ്പര തന്നെ ഉണ്ടാകുകയും അതിൽ ഉത്തരവാദിത്വപ്പെട്ട പോലിസ് ഉദ്യോഗസ്ഥർ തന്നെ കാവലും നിൽക്കുന്ന ഒരു സാഹചര്യത്തിലാണ് സദാചാര ഗുണ്ടകൾക്ക് ശക്തമായ താക്കീതായി മറൈൻ ഡ്രൈവിൽ വീണ്ടുമൊരു ചുംബന സമരത്തിന് ആഹ്വാനം ചെയ്യാൻ തങ്ങൾ നിർബന്ധിതരായതെന്ര് പ്രവർത്തകർ വ്യക്തമാക്കുന്നു.
കിസ്സ് ഓഫ് ലവ് ഒരു പ്രസ്ഥാനമല്ല, അത് ഒരു സമരാഹ്വാനമാണ്. പല ചിന്താഗതികൾ ഉള്ളവർ ഇതിലുണ്ടാകും. കുട്ടികൾക്ക് നേരെയുള്ള ഏതുതരത്തിലുമുള്ള അതിക്രമങ്ങൾ കുറ്റകൃത്യമായിട്ടാണ് തങ്ങൾ കാണുന്നതെന്നും പ്രവർത്തകർ പറയുന്നു.
കിസ്സ് ഓഫ് ലവ് എന്ന സർഗാത്മക പ്രതിഷേധത്തെ സമാധാനപരമായ രീതിയിൽ നടത്താനുള്ള സാഹചര്യം ഉണ്ടാകുക എന്ന ജനാധിപത്യപരമായ കർത്തവ്യം നിർവഹിച്ച ഇടതുപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു. ഇനിയും അനീതികൾ അരങ്ങു വാഴുമ്പോൾ നഗരങ്ങൾ എരിഞ്ഞടങ്ങുമ്പോൾ വികേദ്രികൃതമായ ഓരായിരം പ്രതിഷേധങ്ങൾ ഉയർന്നു വരിക തന്നെ ചെയ്യും. ആ നവ രാഷ്ട്രീയം ഇവിടെ വരവറിയിക്കുന്നുണ്ട്.