aparna shaji|
Last Modified വെള്ളി, 10 മാര്‍ച്ച് 2017 (11:48 IST)
ഡി വൈ എഫ് ഐയെ പ്രശംസിച്ച് നടൻ ജോയ് മാത്യു. കൊച്ചി മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് തനിയ്ക്ക് ഡി വൈ എഫ് ഐയിൽ ഉള്ള പ്രതീക്ഷ താരം പങ്കുവെയ്ക്കുന്നത്.
ജോയ് മാത്യുവിന്റെ വരികളിലൂടെ:
കാണ്ടാമൃഗങ്ങള്‍ പല രൂപത്തിലാണ് ചരിത്രത്തില്‍ കുളമ്പുകുത്തുക. ഇതാ ഒടുവില്‍ കൊച്ചി മറൈന്‍ ഡ്രൈവിലും ശിവസേന എന്ന പേരില്‍ കാവിക്കൊടിയും കയ്യില്‍ ചൂരലുമായി ദുരാചാരത്തിന്റെ അവതാരങ്ങളായി അവരെത്തി. ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ നിന്നും ഇറങ്ങിവന്ന കാണ്ടാമൃഗങ്ങള്‍ക്ക് കാവലായി എല്ലായ്‌പ്പോഴുമെന്ന പോലെ കാക്കി ജഡങ്ങളും. എന്നാല്‍ പുരോഗമനപരമായി ചിന്തിക്കുന്ന ചെറുപ്പക്കാര്‍ക്ക്പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു, കാണ്ടാമൃഗങ്ങള്‍ ഇരമ്പിയ അതേ മണ്ണില്‍ ഡി വൈ എഫ് ഐ, കെ എസ് യു തുടങ്ങിയ യുവസംഘടനകള്‍ നടത്തിയ പ്രതിഷേധക്കൂട്ടായ്മകള്‍.
നമുക്ക് വേണ്ടത് വഴിപാടുപോലെ നടത്തപ്പെടുന്ന വാര്‍ഷിക സമ്മേളങ്ങള്‍ മാത്രമല്ല- ഇടക്കിടെ നടത്തേണ്ട ആണ്‍ പെണ്‍ സൗഹൃദ കൂട്ടായ്മകളാണ്. അരാജകത്വത്തിലേക്ക് വഴുതിപ്പോവാത്ത സംഗീതാഘോഷങ്ങളാണെന്ന് യുവാക്കളുടെ സംഘടനകള്‍ തീരുമാനിക്കേണ്ട സമയമായി. ഒരു ഭാഗത്ത് കാണ്ടാമൃഗങ്ങള്‍ ദുരാചാരത്തിന്റെ ചൂരലുയര്‍ത്തുമ്പോള്‍ മറുഭാഗത്ത് ലൈംഗീക പീഡകരുടെ മദാ (താ)ന്ധകാരത പത്തിവിടര്‍ത്തുമ്പോള്‍ ഇനി കുട്ടികള്‍ക്ക് പ്രതീക്ഷിക്കുവാനുള്ളത് ആപത്ഘട്ടത്തില്‍ ഒരു ഫോണ്‍ വിളിയില്‍ രക്ഷക്കെത്താവുന്ന യുവാക്കളുടെ സംഘടനകള്‍ മാത്രമാണ്. അവര്‍ക്ക് മാത്രമെ കാണ്ടാമൃഗങ്ങളില്‍ നിന്നും നമ്മുടെ നാടിനെ, നമ്മുടെ നാളത്തെ തലമുറയെ രക്ഷിക്കാനാവൂ.
ഡി വൈ എഫ് ഐ പോലുള്ള അര്‍ഥവും ആള്‍ബലവുമുള്ള സംഘടനയിലാണു ഇക്കാര്യത്തില്‍ എനിക്ക് പ്രതീക്ഷ.