കടന്നല്‍ കുത്തിയാല്‍ പേടിക്കണം; മരണം വരെ സംഭവിക്കാം

രേണുക വേണു| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (10:14 IST)

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ബൈക്ക് യാത്രക്കാരന്‍ മരിച്ചത് ഏറെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് ബൈക്കില്‍ പോകുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ബോധരഹിതനായി താഴെ വീണത്. ഒരാള്‍ ബോധരഹിതനായി ബൈക്കില്‍ നിന്നു താഴെവീഴുന്നത് കണ്ട നാട്ടുകാര്‍ ഷാജിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാജിയുടെ മുഖത്തും ദേഹത്തും കടന്നല്‍ കുത്തിയ പാടുകള്‍ ഉണ്ടായിരുന്നു.

കടന്നല്‍ കുത്തേറ്റാല്‍ ഉടന്‍ മരിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. വളരെ അപൂര്‍വ്വമായാണ് കടന്നല്‍ കുത്തേറ്റ് മരിച്ച വാര്‍ത്ത നാം കേള്‍ക്കാറുള്ളത്. കടന്നല്‍ കുത്തിനെ നാം പേടിക്കണോ?

പലതരം എന്‍സൈമുകളുടെയും അമൈനുകളുടെയും ടോക്‌സിക്കായ പെപ്‌റ്റൈഡുകളുടെയും മിശ്രിതമാണ് ഇവയുടെ വിഷം. കടന്നല്‍ കുത്തുകള്‍ക്ക് ഒരാളെ കൊല്ലാനുള്ള കെല്‍പ്പുണ്ട്. എന്നാല്‍, കുത്തുകളുടെ എണ്ണം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും ശരീരത്തില്‍ ഈ വിഷം പ്രവര്‍ത്തിക്കുന്നത്. അനാഫിലാക്റ്റിക് അലര്‍ജിയുള്ളവരില്‍ കടന്നല്‍ കുത്തേറ്റാല്‍ സ്ഥിതി സങ്കീര്‍ണമാകും. ഗുരുതരമായ അലര്‍ജി പ്രശ്നമുള്ളവര്‍ കടന്നല്‍ കുത്തേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അനാഫിലാക്റ്റിക് അലര്‍ജിയുള്ളവരില്‍ കടന്നല്‍ കുത്തേറ്റാല്‍ രക്ത സമ്മര്‍ദം അപകടകരമായ രീതിയില്‍ കുറയുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ കടന്നല്‍ കുത്തേറ്റാല്‍ എപ്പിനെഫിറിന്‍ (Epinephrine) കുത്തിവയ്പ് എടുക്കേണ്ടിവരും. എപ്പിപെന്‍ എന്നാണ് ഈ കുത്തിവയ്പ് വ്യാപകമായി അറിയപ്പെടുന്നത്.

സാധാരണ ഒരു കടന്നലിന്റെ കുത്തേറ്റാല്‍ കുത്തേറ്റ ഭാഗത്ത് തടിയ്ക്കുകയോ കടച്ചിലോ അനുഭവപ്പെടുകയാണ് പതിവ്. എന്നാല്‍, അലര്‍ജിയുള്ളവരില്‍ തലകറക്കം, ഛര്‍ദി, തലവേദന, ശരീരം തളരുന്ന പോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :