കെ എസ് യുവിലെ സാഹചര്യം ഒട്ടും അഭിമാനകരമല്ല, വിദ്യാർത്ഥി, യുവജന സംഘടനകളുടെ തലപ്പത്തുള്ളവർ അള്ളിപ്പിടിച്ചിരിക്കുന്നു: വിടി ബൽറാം

കെ എസ് യുവിലെ കാലാവസ്ഥ ശരിയല്ലെന്ന് വി ടി ബൽറാം

aparna shaji| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (08:38 IST)
കെ എസ്‌ യുവിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഒട്ടും അഭിമാനകരമല്ലെന്ന് വി ടി ബൽറാം എം എൽ എ. കെ എസ് യുവിൽ പ്രവർത്തിക്കുന്നവർ പലരും പ്രായപരിധി കഴിഞ്ഞവരാണെന്നും ഒരേ സ്ഥാനത്ത്‌ വർഷങ്ങളോളം തുടരുന്നതുകൊണ്ടുള്ള മടുപ്പും മുരടിപ്പും സംഘടനയുടെ ഇടത്തട്ടിലും താഴെത്തട്ടിലുമുള്ള പല ഭാരവാഹികളും അനുഭവിക്കുന്നുണ്ടെന്നും വി ടി ബൽറാം വ്യക്തമാക്കി. 27 വയസ്സാണ്‌ കെഎസ്‌യുവിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി എങ്കിലും പലരും മുപ്പത്‌ പിന്നിട്ടവരാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കെഎസ്‌യുവിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഒട്ടും അഭിമാനകരമല്ല. രണ്ട്‌ വർഷമാണ്‌ സാധാരണഗതിയിൽ കെ എസ്‌ യു കമ്മിറ്റികളുടെ കാലയളവ്‌ എങ്കിലും നിലവിലെ സംസ്ഥാനകമ്മിറ്റി പുന:സംഘടിപ്പിക്കാതെ നാലരവർഷത്തോളമായി പ്രവർത്തിച്ചുവരികയാണ്‌. ഇക്കാലയളവിൽ യൂണിവേഴ്സിറ്റി യൂണിയനുകളുടെ ഭരണസാരഥ്യം പിടിച്ചെടുക്കുന്നതടക്കം പല നിർണ്ണായക നേട്ടങ്ങളും കൈവരിക്കാൻ സംഘടനാ നേതൃത്ത്വത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

എങ്കിലും ഒരേ സ്ഥാനത്ത്‌ വർഷങ്ങളോളം തുടരുന്നതുകൊണ്ടുള്ള മടുപ്പും മുരടിപ്പും സംഘടനയുടെ ഇടത്തട്ടിലും താഴെത്തട്ടിലുമുള്ള പല ഭാരവാഹികളും അനുഭവിക്കുന്നുണ്ടെന്നതാണ്‌ യാഥാർത്ഥ്യം. 27 വയസ്സാണ്‌ കെഎസ്‌യുവിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി എങ്കിലും പലരും മുപ്പത്‌ പിന്നിട്ടവരാണ്‌. സംഘടനക്ക്‌ ഗുണകരമായ സംഭാവനകൾ നൽകാൻ കഴിയുന്ന തരത്തിലുള്ള തങ്ങളുടെ പ്രവർത്തനകാലം കഴിയുകയാണെന്ന് മനസ്സിലാക്കുന്ന പല നേതാക്കളും സ്ഥാനമൊഴിയാനും പുതുമുഖങ്ങൾക്ക്‌ വഴിയൊരുക്കാനും തയ്യാറെടുക്കുന്നുണ്ട്‌. ഇതിന്‌ നേതൃത്ത്വം നൽകുന്ന തരത്തിലാണ്‌ കണ്ണൂർ, മലപ്പുറം ജില്ലാ പ്രസിഡണ്ടുമാർ സ്വമേധയാ രാജി പ്രഖ്യാപിച്ച്‌ മാതൃക കാട്ടിയത്‌.

എന്നാൽ ഈ നല്ല നീക്കത്തെ അട്ടിമറിക്കുന്ന തരത്തിലാണ്‌ ഗ്രൂപ്പ്‌ നേതാക്കന്മാർ കൂടിയായ സംസ്ഥാന പ്രസിഡണ്ടും വൈസ്‌ പ്രസിഡണ്ടും സ്വീകരിക്കുന്ന സമീപനമെന്നാണ്‌ മനസ്സിലാക്കുന്നത്‌. സംഘടനയിൽ തെരഞ്ഞെടുപ്പ്‌ നടത്തി സമഗ്രമായ ഒരു പുന:സംഘടനക്ക്‌ വഴിയൊരുക്കാതെ നിലവിലെ ജില്ലാ പ്രസിഡണ്ടുമാരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കി മാറ്റിക്കൊണ്ടുള്ള കണ്ണിൽപ്പൊടിയിടലാണവരും അവരെ നിയന്ത്രിക്കുന്ന കോൺഗ്രസ്സിലെ ഗ്രൂപ്പ്‌ മാനേജർമാരും നടത്തുന്നത്‌.

തെരഞ്ഞെടുപ്പ്‌ നടന്നാൽ പ്രവർത്തകരുടെ പിന്തുണയോടെ അർഹതപ്പെട്ട സ്ഥാനങ്ങളിലേക്ക്‌ കടന്നുവരാൻ കഴിയുന്ന നൂറുകണക്കിന്‌ പ്രവർത്തകരുടെ അവസരങ്ങളാണിങ്ങനെ ഇല്ലാതാക്കപ്പെടുന്നത്‌. ഇനി അഥവാ നാമനിർദ്ദേശമാണെങ്കിൽത്തന്നെ പ്രായപരിധി കഴിഞ്ഞവരേയും മറ്റും ഒഴിവാക്കി മതിയായ കൂടിയാലോചനകളിലൂടെ താഴെത്തട്ടിലുള്ള അർഹതപ്പെട്ടവരെ പൊതുസ്വീകാര്യതയുടെയടിസ്ഥാനത്തിൽ നിയമിക്കാനാണ്‌ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടത്‌.

കോൺഗ്രസ്സിൽ തലമുറമാറ്റത്തിനുവേണ്ടി ചെറുപ്പക്കാർ ശബ്ദമുയർത്തുന്ന ഇക്കാലത്ത്‌ ആ മുദ്രാവാക്യത്തിന്റെ ശോഭ കെടുത്തുന്ന തരത്തിലാണ്‌ വിദ്യാർത്ഥി, യുവജന സംഘടനകളുടെ തലപ്പത്തുള്ളവർ അവിടങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :