കൊച്ചി|
അഭിറാം മനോഹർ|
Last Modified വ്യാഴം, 2 ജൂലൈ 2020 (15:01 IST)
കൊച്ചി: കൊച്ചിയിലെ കൊവിഡ് സാഹചര്യത്തിൽ കനത്ത ജാഗ്രത വേണമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. മെട്രോ നഗരത്തിൽ രോഗവ്യാപനമുണ്ടായാൽ സ്ഥിതി വളരെ രൂക്ഷമാകുമെന്നും രോഗലക്ഷണങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.രോഗലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി നഗരത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നതാണ് ആശങ്കകൾക്കിടയാക്കിയിരിക്കുന്നത്.എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ എട്ട് പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണ്. അതിനിടെ മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടുത്തെ 26 പേരുടെ സ്രവം പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.ജില്ലയിലെ ആശുപത്രികളിൽ കവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയിൽ കഴിയുന്നത്.