Thiruvananthapuram|
രേണുക വേണു|
Last Modified ചൊവ്വ, 22 ജൂലൈ 2025 (08:44 IST)
VS Achuthanandan: വി.എസ്.അച്യുതാനന്ദന്റെ അന്തിമയാത്രയ്ക്കായി ഒരുക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വി.എസ് അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നു അറിഞ്ഞപ്പോള്‍ തലസ്ഥാനത്തുണ്ടായിരുന്ന പിണറായി പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഓടിയെത്തി. തുടര്‍ന്നുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി നേരിട്ടാണ് ക്രമീകരണങ്ങള്‍ ഒരുക്കിയത്.
ആശുപത്രിയില്‍ നിന്ന് വി.എസിന്റെ ഭൗതികദേഹം പുറത്തേക്ക് എടുത്തപ്പോള്‍ അതിനൊപ്പം തന്നെയാണ് പിണറായി വിജയനും ഇറങ്ങിയത്. പ്രായത്തിന്റെ അവശതകള്‍ കണക്കിലെടുക്കാതെ ആശുപത്രിയില്‍ നിന്ന് എകെജി സെന്ററിലേക്കും പിണറായി എത്തി.
ഇന്നുരാവിലെ വി.എസിന്റെ തിരവനന്തപുരത്തുള്ള വേലിക്കകത്ത് വീട്ടിലും പിണറായി എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം പിണറായി ദര്‍ബാര്‍ ഹാളിലേക്ക് പോയി. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനു വേണ്ട ക്രമീകരണങ്ങള്‍ പിണറായി വിലയിരുത്തി. കൃത്യസമയം പാലിച്ചുതന്നെ വിലാപയാത്രയും അന്തിമ ചടങ്ങുകളും നടത്തണമെന്ന് പിണറായി നിര്‍ദേശം നല്‍കി. ദര്‍ബാര്‍ ഹാളിലെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മന്ത്രി പി.രാജീവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഉണ്ട്.