പ്രതാപനെ ഇരയാക്കി സുധീരന്‍ ലക്ഷ്യമിടുന്നത് ഉമ്മന്‍ചാണ്ടിയെ; കെപിസിസി പ്രസിഡന്റിനെ ഒതുക്കാന്‍ എ- ഐ ഗ്രൂപ്പുകള്‍

സുധീരന്റെ കടുംപിടുത്തമാണ് ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പിന് കാരണമായത്

   വിഎം സുധീരന്‍ , ഉമ്മന്‍ ചാണ്ടി , തെരഞ്ഞെടുപ്പ് മത്സരം , കെസി ജോസഫ് , എ- ഐ ഗ്രൂപ്പുകള്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (16:30 IST)
നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം.
സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് പാര്‍ട്ടി കടക്കവെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നയങ്ങളും പ്രസ്‌താവനകളുമാണ് പാളയത്തില്‍ പടയൊരുക്കത്തിന് തിരികൊളുത്തിയത്. കോണ്‍ഗ്രസിലെ ശക്തമാരെ മാത്രമല്ല എ ഗ്രൂപ്പ് നേതാവും മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെവരെ ലക്ഷ്യമാക്കിയാണ് സുധീരന്‍ നീങ്ങുന്നതെന്നതാണ് പ്രത്യേകത.

സോളാര്‍ തട്ടിപ്പ് കേസിന് പിന്നാലെ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ ബാര്‍ കോഴക്കേസില്‍ വരെ പാര്‍ട്ടിക്കൊപ്പം നിന്ന സുധീരന്‍ കരുണ എസ്‌റ്റേറ്റ്‌ പ്രശ്‌നത്തിലും മെത്രാന്‍ കായല്‍ വിഷയത്തിലും മുഖ്യമന്ത്രിയെ വെള്ളം കുടുപ്പിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഈ നിര്‍ണായക സമയത്ത് ഗ്രൂപ്പുകള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് അങ്കത്തിനിറങ്ങിയതോടെ സുധീരനെ നിശബ്ദനാക്കാന്‍ എ- ഐ ഗ്രൂപ്പുകള്‍ ശ്രമം ആരംഭിച്ചത്. ക്ലീന്‍ ഇമേജുള്ള സുധീരന്‍ എതിര്‍പ്പുമായി ശക്തമായി നിന്നാല്‍ ഒറ്റയ്‌ക്ക് നേരിടാന്‍ സാധിക്കില്ല എന്ന തോന്നലാണ് ഗ്രൂപ്പുകള്‍ കൈകോര്‍ക്കാന്‍ കാരണമായത്.

ആരോപണങ്ങള്‍ നേരിടുന്നവരെയും തുടര്‍ച്ചയായി മത്സരിക്കുന്നവരെയും ഇത്തവണ ഒഴിവാക്കണമെന്ന സുധീരന്റെ കടുംപിടുത്തമാണ് ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പിന് കാരണമായത്. സുധീരന്‍റെ നോമിനികള്‍ക്കു വിജയസാധ്യത മാത്രം മാനദണ്ഡമാക്കി വേണം സീറ്റുകള്‍ നല്‍കേണ്ടതെന്നും അല്ലാതെയുള്ള നിര്‍ദേശങ്ങളെ സംയുക്തമായി എതിര്‍ക്കാനുമായിരുന്നു ഗ്രൂപ്പുകളുടെ പദ്ധതി. കെസി ജോസഫ്, കെസി ജോസഫ്, കെ ബാബു, തേറമ്പില്‍ രാമകൃഷ്ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഡെമനിക് പ്രസന്റേഷന്‍, കെ അച്യുതന്‍ എന്നിവരെ ലക്ഷ്യം‌വച്ച് നീങ്ങുന്ന സുധീരന്‍ പ്രധാനമായും ഉന്നംവയ്‌ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ്. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച ഇവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് സുധീരന്റെ അഭിപ്രായം. യുവാക്കള്‍ക്കുക് പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുന്നതിനായി നാലില്‍ കൂടുതല്‍ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നാണ് കെ പി സി സി പ്രസിഡന്റ് പറയാതെ പറയുന്നത്. അതേസമയം, ഈ നീക്കത്തിനെതിരെ ഗ്രൂപ്പുകള്‍ തമ്മിലടി അവസാനിപ്പിച്ച് സുധീരനെതിരെ ഒന്നിച്ച് പൊരാടാന്‍ തീരുമാനിക്കുകയുമായിരുന്നു.

46 വര്‍ഷമായി എംഎല്‍എയും മന്ത്രിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഒക്കെയായിട്ടുള്ള ഉമ്മന്‍ചാണ്ടി ഇത് പതിനൊന്നാമത് തവണയാണ് നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടി ഇനി മല്‍സരിക്കേണ്ടതില്ലെന്നാണ്
സുധീരന്‍ ആഗ്രഹിക്കുന്നത്. ഈ കാര്യം പരസ്യമായി പറയാന്‍ അദ്ദേഹത്തിന് ഒരിക്കലും സാധിക്കില്ല. ഉടക്കി നിന്നിരുന്ന
ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായതും മുസ്‌ലിം ലീഗ് അടക്കമുള്ള യുഡിഎഫിലെ ഘടകകഷികള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മാറി നില്‍ക്കണമെന്ന തന്റെ ആവശ്യത്തിന് പുല്ലുവില പോലും ലഭിക്കില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം.

മത്സരിക്കാനില്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ മാറിനില്‍ക്കുകയാണെന്നും കാട്ടി സുധീരന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ടിഎന്‍ പ്രതാപന്‍ കെപിസിസിക്ക് കത്തു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതാപന്റെ മാതൃക പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ രംഗത്തെത്തിയത്. ഈ ആവശ്യത്തെ വി എസ് തള്ളിക്കളഞ്ഞുവെങ്കിലും ഇവിടെ സുധീരന്‍ ലക്ഷ്യംവെക്കുന്നത് ഉമ്മന്‍ചാണ്ടിയെയാണ്. കൂടുതല്‍ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് ആവര്‍ത്തിക്കുന്ന സുധീരന്‍ മുഖ്യമന്ത്രിയോട് മാറി നില്‍ക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല എന്ന്
മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഉത്തരം നല്‍കാതെ പോയ അദ്ദേഹം പ്രതാപനെ ചാരി വിഎസിന്റെ പേര് എടുത്തു പറഞ്ഞത് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു.

മത്സരിച്ച് പഴകിയ നേതാക്കളെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ഗോദയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് സുധീരന്‍ പദ്ധതിയിടുന്നത്. കേരളത്തില്‍ ഭരണം പിടിക്കേണ്ടത്‌ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‌ അനിവാര്യമാണെങ്കിലും സംസ്ഥാന നേതാക്കളും സുധീരനും തമ്മിലുള്ള പോര് മറ നീക്കി പുറത്തുവന്നിരിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :