രേണുക വേണു|
Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (12:52 IST)
ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടന്ന അതിരുവിട്ട പ്രതികരണങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് പൊലീസ്. കേരളം കത്തിക്കും, പൊലീസ് സ്റ്റേഷന്‍ കത്തിക്കും, എംവിഡി ഓഫീസ് പൂട്ടിക്കും തുടങ്ങി പ്രകോപനപരമായ ഉള്ളടക്കമുള്ള പ്രതികരണങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നു. ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ പിന്തുണച്ചും പൊലീസുകാരെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞും വീഡിയോ പോസ്റ്റ് ചെയ്ത 'പൊളിസാനം' റിച്ചാര്‍ഡ് റിച്ചുവിനെ ഇന്നലെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ 'പൊളി സാന'മെന്ന് പറഞ്ഞ് എയര്‍ ഗണ്‍ പരിചയപ്പെടുത്തിയ ആളാണ് റിച്ചാര്‍ഡ്. അസഭ്യം പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ചതിന് പുറമേ, കലാപാഹ്വാനത്തിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്തവരടക്കം നിരീക്ഷണത്തിലാണെന്നാണ് പൊലീസ് പറയുന്നത്.
റിച്ചാര്‍ഡ് റിച്ചുവിന്റെ അറസ്റ്റിനു പിന്നാലെ മറ്റ് ചില പ്രമുഖ വ്‌ളോഗര്‍മാരും തങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നു മുക്കി. യൂട്യൂബിലെ പല വ്ളോഗര്‍മാരും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സേഴ്സും ഉള്‍പ്പെടെയുള്ളവരാണ് ഇ-ബുള്‍ ജെറ്റ് സഹോദരന്‍മാരെ പിന്തുണച്ചും എംവിഡിയെ അസഭ്യം പറഞ്ഞും തങ്ങള്‍ പോസ്റ്റിയ വീഡിയോ നീക്കം ചെയ്തിരിക്കുന്നത്. എന്നാല്‍, ഇങ്ങനെ നീക്കം ചെയ്ത പല വീഡിയോകളും പൊലീസ് ശേഖരിച്ചുവച്ചിട്ടുണ്ട്. വ്‌ളോഗര്‍മാര്‍ക്കിടയിലെ ചില പ്രമുഖര്‍ ആദ്യം വളരെ മോശമായി പ്രതികരിക്കുകയും പിന്നീട് കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കണ്ടപ്പോള്‍ 'ശ്രദ്ധയോടെ' പ്രതികരിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.