വിഷു, ഈസ്റ്റര്‍, റംസാന്‍ സഹകരണ വിപണികള്‍ ഏപ്രില്‍ 12ന് ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (19:06 IST)
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റര്‍, റംസാന്‍ സഹകരണ വിപണികള്‍ ഏപ്രില്‍ 12ന് ആരംഭിക്കും. ഏപ്രില്‍ 18 വരെ ഇവ പ്രവര്‍ത്തിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 11നു വൈകിട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

778 വിപണന കേന്ദ്രങ്ങളാകും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു പ്രവര്‍ത്തിക്കുക. ഇവിടങ്ങളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സബ്‌സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്കു ലഭിക്കും. ഇതിനൊപ്പം മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങളും കോസ്മെറ്റിക്സ്, ഹൗസ് ഹോള്‍ഡ് ഉല്‍പ്പന്നങ്ങളും, പൊതുമാര്‍ക്കറ്റിനേക്കാള്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവ് വില്‍പ്പന നടത്തുവാന്‍ ആവശ്യമായ സ്റ്റോക്ക് കണ്‍സ്യൂമര്‍ഫെഡ് ശേഖരിച്ചിട്ടുണ്ട്.

ജയ അരി കിലോയ്ക്ക് 25 രൂപ, കുറുവ അരി കിലോയ്ക്ക് 25 രൂപ, കുത്തരി കിലോയ്ക്ക് 24 രൂപ, പച്ചരി കിലോയ്ക്ക് 23 രൂപ, പഞ്ചസാര കിലോയ്ക്ക് 22 രൂപ, വെളിച്ചെണ്ണ കിലോയ്ക്ക് 92 രൂപ, ചെറുപയര്‍ കിലോയ്ക്ക് 74 രൂപ, വന്‍കടല കിലോയ്ക്ക് 43 രൂപ, ഉഴുന്ന് ബോള്‍ കിലോയ്ക്ക് 66 രൂപ, വന്‍പയര്‍ കിലോയ്ക്ക് 45 രൂപ, തുവരപരിപ്പ് കിലോയ്ക്ക് 65 രൂപ, മുളക് ഗുണ്ടൂര്‍ കിലോയ്ക്ക് 75 രൂപ, മല്ലി കിലോയ്ക്ക് 79 രൂപ എന്നിങ്ങനെയാകും വില്‍പ്പന. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, 500 ഗ്രാം വീതം വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്നു, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെയാകും നല്‍കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :