കോഴിക്കോട്/തിരുവനന്തപുരം|
jibin|
Last Updated:
ബുധന്‍, 29 നവംബര്‍ 2017 (16:06 IST)
വീരേന്ദ്ര കുമാറിന് ഇടതു മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന്റെ വാതിലുകൾ അദ്ദേഹത്തിന്റെ മുമ്പില്‍ അടഞ്ഞട്ടില്ല. വീരേന്ദ്ര കുമാര്‍ പുനർ വിചിന്തനം നടത്തി തിരിച്ചു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫിലെ ചേരിതിരിവിന്റെയും പൊട്ടിത്തെറിയുടെയും ഫലമായാണ് വീരേന്ദ്രകുമാർ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാൻ പോകുന്നത്. ഈ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്യുന്നു. അദ്ദേഹം നയം വ്യക്തമാക്കിയാല്‍ ഉടന്‍ തുടർ നടപടികളിലേക്കു സിപിഎം കടക്കുമെന്നും കോടിയേരി വ്യക്തമാക്കി.
വീരേന്ദ്രകുമാർ മടങ്ങി വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രൻ പറഞ്ഞു.
നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര കുമാര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. രാജിയെന്നത് സാങ്കേതികം മാത്രമാണ്. ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ല, എസ്‌ജെഡി പുനരുജ്ജീവിപ്പിക്കും. പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.