aparna|
Last Modified തിങ്കള്‍, 27 നവംബര്‍ 2017 (10:10 IST)
കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്ന വാർത്ത തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തലയ്ക്കു സ്ഥിരതയുള്ള ആരും ഇപ്പോൾ കോൺഗ്രസിനോടു സഹകരിക്കില്ലെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസുമായി ബന്ധമില്ല. പാർട്ടി കോൺഗ്രസിനുള്ള കരടിൻമേൽ ഇപ്പോൾ ചർച്ച നടക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് പാർട്ടി കോൺഗ്രസ് ആണെന്നും കാനം പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നത് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് മാത്രമാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കാന്‍ പറ്റില്ലെന്നും കാനം വ്യക്തമാക്കി.
മന്ത്രി എംഎം മണിയുടെ വിമർശനത്തിനു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി മറുപടി പറയുമെന്നും കാനം പറഞ്ഞു. ബിജെപിക്കെതിരെ വിശാല ബദൽ വേണമെന്നു സിപിഐ ദേശീയ നിർവാഹകസമിതിയിൽ വിലയിരുത്തലുണ്ടായിരുന്നു.
അതേസമയം, കോൺഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ടെന്ന ആശയം സിപിഎം അംഗീകരിക്കുന്നില്ലെന്നു സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് ബന്ധത്തിന്റെ കാര്യത്തിൽ കേരളത്തിലെ സിപിഎം ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും കോടിയേരി വ്യക്തമാക്കി.