മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല - സർക്കാർ ഹൈക്കോടതിയെ സമീപിക്കും

മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാൻ കഴിയില്ല

Vinson M Paul , pinarayi vijayan , CPM , highcourt വിന്‍സന്‍ എം പോള്‍ , സർക്കാർ , മന്ത്രിസഭാ , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 14 ജൂലൈ 2016 (19:48 IST)
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നു മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ പരിധിയിൽ വരില്ല. വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കും. മുഖ്യ വിവരാവകാശ കമ്മീഷണറുടെ പ്രസ്‌താവനയോട് യോജിക്കാൻ സാധിക്കില്ല എന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാൻ കഴിയില്ല എന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്. മന്ത്രിസഭ ഒരു തീരുമാനമെടുക്കുകയാണെങ്കിൽ അത് ആ ഒരു വിഷയത്തിലെടുക്കുന്ന അന്തിമ തീരുമാനമല്ല. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുത്തുകഴിഞ്ഞാൽ മാത്രമേ ഇത് പുറത്തു നൽകാൻ സാധിക്കൂവെന്നാണ് സർക്കാർ നിലപാട്.

മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ്
വിന്‍സണ്‍ എം പോള്‍ വ്യക്തമാക്കിയത്. വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്ന പരാതി തനിക്ക് ഇതുവരേയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അതിനാവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ജൂണ്‍ ഒന്നിനാണ് കഴിഞ്ഞ ജനവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന മുന്‍ ഉത്തരവ് നടപ്പിലാകാത്ത സാഹചര്യത്തിലാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ മുന്‍ നിലപാടിലുറച്ച് രംഗത്ത് വന്നത്.


വിവരങ്ങള്‍ നല്‍കിയതിന് ശേഷം ഇക്കാര്യങ്ങള്‍ രേഖാമൂലം വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്ന ഉത്തരവും മുഖ്യ വിവരാവകാശ കമ്മീഷണര്‍ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഇതുവരെ നടപ്പിലായില്ല. മാത്രമല്ല ഉത്തരവിറങ്ങി പത്ത് ദിവസത്തിലേറെ കഴിഞ്ഞിട്ടും അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നില്ല. ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :