കൊച്ചി|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (08:27 IST)
മൈക്രോഫിനാന്‍സ് പദ്ധതിയുടെ പേരില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഫണ്ട് ദുരുപയോഗം ചെയ്തത് പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടതായി വിജിലന്‍സ്. മൈക്രോഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ച് അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിജിലന്‍സ് ഇന്‍സ്‌പെക്‌ടര്‍ സി എസ് ഹരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യമുള്ളത്.
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് ഡോ എം എന്‍ സോമനും അടക്കമുള്ള പ്രതികള്‍ ഫണ്ട് ദുരുപയോഗിച്ചത് ബോധ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്ക് പിന്നില്‍ സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും യോഗം ഭാരവാഹികളും ശക്തമായ ഗൂഢാലോചനയും തട്ടിപ്പും നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള മൂന്നു പ്രതികള്‍ തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് വിശദീകരണം. ഭരണപരിഷ്‌കരണ സമിതി ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഈ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.