മുഖ്യമന്ത്രിക്ക് അരണയുടെ സ്വഭാവമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം| Last Modified വെള്ളി, 29 മെയ് 2015 (16:58 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അരണയുടെ സ്വഭാവമാണെന്നും നമ്മള്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ കേള്‍ക്കുമെന്നും എന്നാല്‍ അതെല്ലാം പിന്നീടു മറക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കുമാരപുരം ശാഖ പണി കഴിപ്പിച്ച ഗുരുദേവ മന്ദിരത്തിന്‍റെ സമര്‍പ്പണ ചടങ്ങിനോട് അനുബന്ധിച്ചാണ്‌ വെള്ളാപ്പള്ളി ഇതു പറഞ്ഞത്.

ഇങ്ങനെ ഇതെല്ലാം മറക്കാന്‍ തുടങ്ങിയാല്‍ എങ്ങനെ നീതി ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഈഴവ സമുദായത്തിന്‍റെ നിരവധി ആവശ്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞെങ്കിലും അതൊന്നും കേട്ട മട്ട് കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

സമുദായത്തിന്‍റെ കോളേജുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താന്‍ അനുവദിക്കുന്നില്ലെന്നും അതേ സമയം മറ്റ് സമുദായങ്ങളുടെ ഇത്തരം ആവശ്യങ്ങള്‍ക്ക് പ്രത്യേക ഉത്തരവുകള്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവേചനപരമായ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :