തിരുവനന്തപുരം|
Last Modified ബുധന്‍, 10 ജൂണ്‍ 2015 (17:14 IST)
അരുവിക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥി എം. വിജയകുമാറിന് വേണ്ടി ചൊവ്വാഴ്ച വി എസ്
അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച്
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. അച്യുതാനന്ദന്റെ
പ്രസംഗത്തെ തറപ്രസംഗമെന്നാണ് വീക്ഷണം വിശേഷിപ്പിച്ചത്. അച്യുതാനന്ദന്റെ അരുവിക്കരയാത്ര ആരെ ബോധ്യപ്പെടുത്താന്
എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. മുഖപ്രസംഗത്തില്‍ അച്യുതാനന്ദന്റെ പടവും പ്രസംഗ പാടവവും വോട്ടായി മാറിക്കിട്ടിയാല്‍ അരുവിക്കര കയറാം എന്ന സിപിഎം നേതാക്കളുടെ കണക്കുകൂട്ടലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തെ തള്ളിപ്പറഞ്ഞിരുന്ന വി എസിനെ എങ്ങനെയും അവിടെകൊണ്ടുവന്ന് പ്രസംഗിപ്പിക്കാന്‍ വഴിയൊരുക്കിയതെന്നും വീക്ഷണം പറയുന്നു.
പുട്ടിന് പീരയിടുന്നത് പോലെ ഇടയ്ക്കിടെ ആദര്‍ശാവതാരത്തിന്റെ മേനി പറച്ചില്‍ നടത്താന്‍ അച്യുതാനന്ദന്‍ എന്നും ശ്രദ്ധിച്ചിരുന്നു. അവശരോടുള്ള അനുകമ്പ, ആദിവാസികളോടുള്ള ദയ, അഴിമതിയോടുള്ള അടങ്ങാത്ത വൈരം, സ്ത്രീപീഡനത്തോടുള്ള പ്രതിഷേധം ഇതൊക്കെ ജനങ്ങളുടെ കയ്യടിവാങ്ങാന്‍ പറ്റുന്ന ആയുധങ്ങളായി വി. എസ്. തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ അരുവിക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വി. എസ്. പറഞ്ഞുവച്ചതും അഴിമതിയുടെ അര്‍ത്ഥമില്ലാ കഥകളായിരുന്നു. അഴിമതിക്കെതിരെപോരാടുന്ന ഒറ്റയാനാണ് താനെന്നും മരണം വരെ അത് തുടരുമെന്നും അച്യുതാനന്ദന്‍ ഘോരഘോരം പ്രസംഗിച്ചുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.