ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് ഒറ്റുകാര്‍ക്കും ചതിച്ചവര്‍ക്കുമുള്ള മറുപടിയാണെന്ന് വിഡി സതീശന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (18:19 IST)
ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് ഒറ്റുകാര്‍ക്കും ചതിച്ചവര്‍ക്കുമുള്ള മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ-

സോളാര്‍ കേസില്‍ രാഷ്ട്രീയ എതിരാളികള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട് ഒറ്റുകാര്‍ക്കും ചതിച്ചവര്‍ക്കുമുള്ള മറുപടിയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ് സി.പി.എമ്മും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയും സി.ബി.ഐ റിപ്പോര്‍ട്ട് അതിന് അടിവരയിടുന്നു.

ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയതും വേട്ടയാടിയതും ആരാണോ അവര്‍ കണക്ക് പറയേണ്ടി വരും.
സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സി.പി.എമ്മിന്റെ ആശിര്‍വാദത്തോടെ നടന്നതാണ് നീചമായ ഈ ഗൂഡാലോചന. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഡാലോചനയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.

ഇത്രയും നീചവും തരംതാണതുമായ ഗൂഡാലോചന കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സി.ബി.ഐ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ഉമ്മന്‍ ചാണ്ടി ഇനിയും ജനഹൃദയങ്ങളില്‍ ജീവിക്കും. വേട്ടയാടിയവര്‍ ജനങ്ങളാല്‍ വെറുക്കപ്പെടും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓര്‍ക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :