തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 21 ജൂലൈ 2015 (10:17 IST)
പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ. വനഭൂമി മാത്രമേ പരിസ്ഥിതിലോല പ്രദേശമായി കാണൂ എന്നതു വിചിത്രം. നിലവിലുള്ള വനംകേസുകളെ ഇതു ബാധിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
അതേസമയം, കസ്തൂരിരംഗൻ റിപ്പോർട്ട് കർഷകവിരുദ്ധവും പരിസ്ഥിതി വിരുദ്ധവും ആണെന്നും സതീശൻ പറയുന്നു. ഈ കമ്മിറ്റി പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിച്ച രീതി തികച്ചും അശാസ്ത്രീയമാണെന്നും ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു കേരള സർക്കാർ സ്വീകരിച്ച പല നടപടികളും ശ്ലാഘനീയവും മാതൃകാപരവുമാണെന്നും സതീശൻ പറയുന്നു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി കേന്ദ്ര സർക്കാർ നിയമിച്ച ഡോ: കസ്തുരി രംഗൻ കമ്മറ്റി സമർപ്പിച്ച റിപ്പോർട്ട് കർഷകവിദ്ധവും പരിസ്ഥിതി വിരുദ്ധവും ആണ്. ഈ കമ്മറ്റി പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിച്ച രീതി തികച്ചും അശാസ്ത്രീയമാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരള സർക്കാർ സ്വീകരിച്ച പല നടപടികളും ശ്ലാഘനീയവും മാതൃകാപരവുമാണ്. എന്നാൽ വനഭുമി യുടെ സർവ്വേ നമ്പറുകൾ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപെട്ടപ്പോൾ, സംസ്ഥാന സർക്കാർ സ്വീകരിച്ച ചില നടപടികൾ പുന:പരിരോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
ഇപ്പോൾ സർക്കാരിന്റെ കൈവശമുള്ള വനഭൂമി മാത്രമേ വനമായി പരിഗണിക്കുകയുള്ളൂവെന്നാണ് സർക്കാർ നിലപാട്. അങ്ങനെ വന്നാല്‍ മറ്റുള്ളവരുടെ കൈവശം ഇരിക്കുകയും, ഫോറസ്റ്റ് ട്രൈബ്യൂണലിലും, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉൾപ്പെടെയുള്ള നിരവധി കോടതികളിൽ പതിനായിരക്കണക്കിന് ഏക്കർ വനഭൂമിയാണെന്ന് അവകാശപെട്ടു കൊണ്ട് സർക്കാർ നടത്തുന്ന കേസുകളിലെ സ്ഥിതിയെന്താകും? കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി നൽകുന്ന രേഖയിൽ വനഭൂമിയാണെന്ന് അവകാശപ്പെടാത്ത സ്ഥലം, പിന്നീട് കോടതിയിൽ എത്തുമ്പോൾ മറിച്ച് നിലപാട് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഈ കേസുകളെ അത് പ്രതികൂലമായി ബാധിക്കും.
കേരളത്തിലെ വനഭൂമിക്ക് ഇ എസ് എ സ്റ്റാറ്റസ് കൊടുക്കാമെന്ന നിലപാട് വിചിത്രമാണ്. വനഭൂമിക്ക് ആരുടേയും ഔദാര്യം വേണ്ട. അത് 1980ലെ പല്ലും നഖവുമുള്ള കർശനമായ വന സംരക്ഷണ നിയമത്തിന്റെ കീഴിലാണ് വനേതരഭൂമിയുടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉണ്ടാക്കിയ നിയമമാണ് പരിസ്ഥിതി സംരക്ഷണ നിയമം.ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇ എസ് എ (പരിസ്ഥിതി ലോല മേഖല) നിലനിൽക്കുന്നത്. ചുരുക്കി പറഞ്ഞാൽ പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറുകയാണ്.