തിരുവനന്തപുരം|
jibin|
Last Modified ശനി, 4 ജൂലൈ 2015 (11:01 IST)
തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന പ്രേമം സിനിമയുടെ വ്യാജന്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അന്‍വര്‍ റഷീദിനും സംഘത്തിനും പിന്തുണയുമായി മെഗാ സ്റ്റാർ മമ്മൂട്ടി രംഗത്ത്. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അന്‍വറിനും ടീമിനും ഐക്യദാര്‍ഢ്യം മമ്മൂട്ടി പ്രഖ്യാപിച്ചത്.
സിനിമകളുടെ വ്യാജ സിഡികളും ക്ളിപ്പിംഗുകളും നിർമിക്കുന്നത് തടയണം. ആശയങ്ങൾ മോഷ്ടിക്കരുത്. ഒരുപാടു പേരുടെ പ്രയത്നമാണ് സിനിമ എന്നു പറയുന്നത്. ഓരോ സിനിമയ്ക്കും അതിന്റേതായ പ്രാധാന്യം നൽകണം. വ്യാജനെതിരായ പോരാട്ടത്തിൽ നിങ്ങൾക്കൊപ്പം ഞാനുമുണ്ട്. അൽഫോൺസ് പുത്രനും നിവിനും അടക്കമുള്ള സിനിമയുടെ എല്ലാ അംഗങ്ങൾക്കും നല്ലത് നേരുന്നു- ഇതായിരുന്നു മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്.
അതിനിടയില്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെല്‍ ഒരു ക്യാമറമാനെ ചോദ്യം ചെയ്തു. മലയാള സിനിമയില്‍ സജീവമായ ഒരു വ്യക്തിയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ചിത്രത്തിന്‍റെ ചിലഘട്ടങ്ങളില്‍ സഹകരിച്ച വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളുമായി ബന്ധപ്പെട്ട് പ്രേമത്തിലെ ചില രംഗങ്ങള്‍ ആദ്യം ഫേസ്‌ബുക്കില്‍ പ്രചരിച്ചതായി ആരോപണമുണ്ട്. കൂടാതെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെയും, പടം എഡിറ്റ് ചെയ്ത സ്റ്റുഡിയോ അധികൃതരെയും ആന്റി പൈറസി സെല്‍ ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്.