കൊച്ചി|
jibin|
Last Updated:
വ്യാഴം, 24 മാര്‍ച്ച് 2016 (12:55 IST)
സിനിമ, കഥാപ്രസംഗ കലാകാരന്‍ വിഡി രാജപ്പന്‍ (70) അന്തരിച്ചു. ദീര്‍ഘാകാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയും വിശ്രമ ജീവിതവും നയിച്ചുവരികയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.15 ഓടെയാണ് വിടപറഞ്ഞത്. മൂന്നു പതിറ്റാണ്ടു കാലത്തോളം കഥാപ്രസംഗ രംഗത്തെ ജനകീയ സാന്നിധ്യമായിരുന്നു. അമ്പതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം എട്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിനിമ ഗാനങ്ങളുടെ പാരഡി തയാറാക്കുന്നതിലും അസാമാന്യ കഴിവ് തെളിയിച്ച അദ്ദേഹം സിനിമയിൽ ഹാസ്യ നടനായും തിളങ്ങി. ഹാസ്യനടനായിട്ടായിരുന്നു അഭിനയം. കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ്, പഞ്ചവടിപ്പാലം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്.
മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയായിരുന്നു രാജപ്പന്റേത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങള്‍. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ചത് ശ്രോതാക്കളെ ആകര്‍ഷിച്ചു. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കുറച്ചുകാലമായി കഥാപ്രസംഗ വേദികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.