ചെന്നൈ|
Last Modified ചൊവ്വ, 13 ഡിസംബര്‍ 2016 (09:11 IST)
ആഞ്ഞുവീശിയ വര്‍ധ ചുഴലികൊടുങ്കാറ്റില്‍ ചെന്നൈ നഗരം വിറച്ചു. കനത്ത നാശനഷ്‌ടം വിതച്ച കൊടുങ്കാറ്റില്‍ പത്തു പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം തുറന്നു. തിങ്കളാഴ്ച ഉച്ചയോടെ വിമാനത്താവളം അടയ്ക്കുകയും എല്ലാ സര്‍വ്വീസുകളും റദ്ദാക്കുകയും ചെയ്തിരുന്നു.
വര്‍ധ ചുഴലിക്കാറ്റില്‍ ചെന്നൈയില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്‌ടമായപ്പോള്‍ കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടുപേരും വില്ലുപുരം നാഗപട്ടണം എന്നീ സ്ഥലങ്ങളില്‍ ഓരോരുത്തരും മരിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചു.