തിരുവനന്തപുരം|
Last Modified ശനി, 24 മെയ് 2014 (13:29 IST)
കൊട്ടാരക്കര വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസില്‍ എട്ടുപേരുടെ
നുണപരിശോധന ആരംഭിച്ചു. ആക്രമണത്തിനു പിന്നില്‍ ബാലകൃഷ്ണപിള്ളയാണെന്ന് കൃഷ്ണകുമാറും ഭാര്യയും ആരോപിച്ചിരുന്നു.
വ്യാഴാഴ്ചയാണ് പരിശോധന തുടങ്ങിയത്. ഒരാഴ്ച കൊണ്ടേ പരിശോധന പൂര്‍ത്തിയാകൂയെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന പൊലീസിന്റെ തിരുവനന്തപുരത്തുള്ള ഫോറന്‍സിക് ലാബിലാണ് പരിശോധന. ബാലകൃഷ്ണപിള്ളയുടെയും ഗണേഷിന്റെയും അടുപ്പക്കാരെയാണ് ഇപ്പോള്‍ നുണ പരിശോധനയ്ക്കു വിധേയമാക്കുന്നത്.
ശരണ്യ മനോജ്, ഗണേഷിന്റെ സഹായി പ്രദീപ് എന്നിവരുടെ പരിശോധന കഴിഞ്ഞു. ഇവര്‍ക്കൊപ്പം സ്കൂളിലെ മൂന്ന് അധ്യാപകരെയും മറ്റു ചിലരെയും നുണ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. കൃഷ്ണകുമാറിനെയും കുടുംബത്തെയും നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ സമ്മതം നല്‍കിയിട്ടില്ല.