കോഴിക്കോട്|
VISHNU.NL|
Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (13:22 IST)
മാണിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് വി മുരളീധരന്‍. ജന്മഭൂമി പത്രത്തിന്റെ കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗം തള്ളിക്കളഞ്ഞാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. അടവ്‌നയം സ്വീകരിക്കാതെ കേരളത്തില്‍ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന ജന്മഭൂമി മുഖപ്രസംഗത്തെയാണ് സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ തള്ളിപ്പറഞ്ഞത്.
ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശമനുസരിച്ചാണ് അടവ്‌നയം സംബന്ധിച്ച വിഷയത്തെപറ്റി ജന്മഭൂമിയില്‍ മുഖപ്രസംഗം വന്നത്. മാണിയില്‍ നിന്ന് കേരളത്തിന്‍ യാതൊന്നു പ്രതീക്ഷിക്കാനില്ലെന്ന് തിരിച്ചടിച്ചാണ് മുരളീധരന്‍ തന്റ്രെ നിലപാട് വ്യക്തമാക്കിയത്.
പാലയും പാണക്കാടും ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഇതിനു മുമ്പ് 1991-ല്‍ അടവുനയം സ്വീകരിച്ചപ്പോള്‍ പരാജയപ്പെടുകയും വോട്ട് കച്ചവടം നടത്തിയെന്ന പഴിയുടെ അപമാനഭാരം പാര്‍ട്ടിക്ക് ചുമക്കേണ്ടിയും വന്നതായും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
തോട്ടമുടമകളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മാണിയെ കൂടെ നിര്‍ത്തേണ്ട കാര്യം ബിജെപിക്കില്ല, എല്ലാ രാഷ്ട്രീയപരീക്ഷണത്തിലും പങ്കാളിയായ മാണി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ്. മാണിയില്‍ നിന്ന് കേരളത്തിന് പുതുതായൊന്നും പ്രതീക്ഷിക്കാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മാണിക്യങ്ങള്‍ കേരളത്തില്‍ പുതിയതല്ല. മാണിക്യങ്ങളെ കൂടെ കൂട്ടിയുള്ള അടവുനയം പരാജയപ്പെട്ട ചരിത്രമാണുള്ളത്. രാഷ്ട്രീയത്തിലെ ഓട്ടമുക്കാലുകളെ മാണിക്യങ്ങളാക്കുകയും അവരാണ് കേരളത്തെ രക്ഷിക്കാന്‍ പോവുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മുരളീധരന്‍ തുറന്നടിച്ചു.