മോഡിയോട് വിയോജിച്ച് ആര്‍‌എസ്‌എസ്; ‘വന്‍ വിജയത്തിന് കാരണം സാധാരണക്കാര്‍’

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (11:27 IST)
ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിലപാടിനോട് വിയോജിച്ച് ആര്‍എസ്എസ്. തെരഞ്ഞെടുപ്പ് വിജയിച്ച ടീമിലെ 'മാന്‍ ഓഫ് ദി മാച്ച്' തന്റെ വിശ്വസ്തന്‍ അമിത് ഷായാണെന്ന മോഡിയുടെ പ്രസ്താവനയ്ക്കെതിരേ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതാണ് രംഗത്തെത്തിയത്. സാധാരണക്കാര്‍ മാറ്റം ആഗ്രഹിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ വിജയം നേടിയതെന്ന് അദ്ദേഹം പറഞ്ഞു.

'പാര്‍ട്ടിയുടെ മേന്മകൊണ്ടാണ് വിജയിച്ചതെന്ന് ചിലര്‍ പറയുന്നു, ചിലരാകട്ടെ ചില വ്യക്തികളുടെ സ്വാധീനം മൂലമെന്നും. എന്നാല്‍ പാര്‍ട്ടിയുടെയൊ, വ്യക്തികളുടെയൊ സ്വാധീനംമൂലമല്ല വിജയം നേടിയത്' ഭഗവത് വ്യക്തമാക്കി.

പാര്‍ട്ടിയും മികച്ച നേതാക്കളും മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും വന്‍ വിജയംനേടി അധികാരത്തിലെത്താന്‍ കഴിഞ്ഞില്ല. സാധാരണക്കാര്‍ സംതൃപ്തരല്ലെങ്കില്‍ ഈ സര്‍ക്കാരിനെയും ജനം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ബിജെപി നേതൃയോഗത്തെ അഭിസംബോധന ചെയ്യവെയാണ് പുതിയ അധ്യക്ഷന്‍ അമിത് ഷായെ മോഡി പ്രശംസിച്ചത്. തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ടീമിന്റെ ക്യാപ്റ്റന്‍ അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആയിരുന്നുവെന്ന് മോഡി പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് വിജയം നേടിയത്. എന്നാല്‍ 'മാന്‍ ഓഫ് ദി മാച്ച്' അമിത് ഷാ തന്നെയാണെന്നായിരുന്നു മോഡിയുടെ പ്രസ്താവന.

ഇതിനിടെ ഇംഗ്ലണ്ടുകാരെ ഇംഗ്ലീഷ് എന്ന് വിളിക്കുന്നത് പോലെ എന്തുകൊണ്ട് ഹിന്ദുസ്ഥാനികളെ ഹിന്ദു വിളിച്ചുകൂടാ എന്ന മോഹന്‍ ഭഗവതിന്റെ പരാമര്‍ശവും വിവാദമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :