രേണുക വേണു|
Last Updated:
ശനി, 14 സെപ്‌റ്റംബര്‍ 2024 (12:37 IST)
Uthradam: ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍. ഇന്ന് ഉത്രാടം. തിരുവോണം കേമമാക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഉത്രാട ദിവസം കേരളത്തിലെ നിരത്തുകളില്‍ തിരക്ക് കൂടും.
ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. ഉത്രാടത്തിന്റെ പിറ്റേന്ന് തിരുവോണം ആഘോഷിക്കും. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികള്‍ വീട്ടില്‍ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് വിളിക്കുന്നത്.
മലയാളികള്‍ തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങളെല്ലാം ഉത്രാട ദിവസം വീട്ടിലെത്തിക്കും. ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കണം. തിരുവോണ ദിവസം ഈ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും.