തിരുവനന്തപുരം|
Last Modified ചൊവ്വ, 15 ജൂലൈ 2014 (11:07 IST)
സംസ്ഥാനത്ത് പ്ലസ് വണ്‍ കോഴ്‌സുകളിലേക്ക് പ്രവേശനം അനിശ്ചിതത്വത്തിലാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഗൈഡ് ലോബിക്കും അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും
സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും അതിനാലാണ് പാഠപുസ്തവും പ്ലസ് വണ്‍ പ്രവേശനവും വൈകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ ആവശ്യമുള്ളിടത്ത് കൂടുതല്‍ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നു നോട്ടീസിന് മറുപടി നല്‍കിയ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് അറിയിച്ചു. പാഠപുസ്തക വിതരണം വൈകില്ല. ഈ മാസം 31നകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പല സ്‌കൂളുകളിലും ആവശ്യത്തിന് ഇടവേളകളില്ലെന്നും കുട്ടികള്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിനു പോലും സൗകര്യം ലഭിക്കുന്നില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഹയര്‍ സെക്കണ്ടറി ടൈംടേബിള്‍ പരിഷ്‌കരണത്തിലെ ബുദ്ധിമുട്ടുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ മാറ്റംവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.