‘ജോസ് തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് സോളാറില്‍ ശ്രദ്ധ തിരിച്ചു വിടാന്‍; പിന്നില്‍ ഉമ്മന്‍ ചാണ്ടി’

കൊച്ചി| Last Updated: ശനി, 16 നവം‌ബര്‍ 2019 (16:42 IST)
സോളാര്‍ കേസില്‍നിന്നു ശ്രദ്ധതിരിച്ചു വിടാനാണ് കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് ജോസ്‌ തെറ്റയില്‍ കേസിലെ പരാതിക്കാരി‍. സോളാര്‍ വിഷയത്തില്‍നിന്നും ജനശ്രദ്ധമാറ്റാന്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിന്റെയും ആലോചനയുടെയും ഭാഗമായി ബെന്നി ബെഹ്‌നാന്‍, സി പി മുഹമ്മദ്‌ എന്നിവര്‍ പ്രവര്‍ത്തിച്ചു. തന്റെ മാന്യതയ്‌ക്ക്‌ കോട്ടം തട്ടാതെ തിരശീലയ്‌ക്ക്‌ പിറകില്‍നിന്ന്‌ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്കു നല്‍കിയത്‌ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്‌.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണു ദൃശ്യങ്ങള്‍ ചാനലുകള്‍ക്കു നല്‍കിയതെന്ന്‌ എംഎല്‍എമാരായ ബെന്നി ബെഹ്‌നാന്‍, സിപി മുഹമ്മദ്‌ എന്നിവര്‍ തന്നോടു പറഞ്ഞതായും പരാതിയില്‍ പറയുന്നു. തെറ്റയിലിനെതിരേയുള്ള കേസില്‍ സര്‍ക്കാര്‍ ജോലിയും സാമ്പത്തികവും വാഗ്‌ദാനം നല്‍കിയിരുന്നു. റസീനയ്‌ക്കും മാലിക്കിനുമൊപ്പം ബെന്നി ബെഹ്‌നാന്റെ തൃക്കാക്കരയിലെ വീട്ടില്‍ പോയതായും കേസിനെക്കുറിച്ചു സംസാരിച്ചായും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ സഹായിക്കേണ്ടത്‌ ആവശ്യമാണെന്നു ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞതു കാരണമാണ്‌ ഞങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചതെന്നും ഇക്കാര്യം പുറത്ത്‌ പറയരുതെന്നും തന്റെയോ മുഖ്യമന്ത്രിയുടെയോ പേര്‌ ഒരുകാരണവശാലും വലിച്ചിഴക്കരുതെന്നും അതു തങ്ങളുടെ രാഷ്‌ട്രീയഭാവിയെ ബാധിക്കുമെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ വ്യക്‌തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ടു തന്നില്‍നിന്നു പലപ്പോഴായി 10 ലക്ഷംരൂപ വാങ്ങിയ സുഹൃത്ത്‌ തൃശൂര്‍ സ്വദേശി റസീനയ്‌ക്കും ഭര്‍ത്താവിനുമെതിരേയും നടപടിയെടുക്കണം‌. തെറ്റയിലിന്റെ മകനുമായി വിവാഹം ഉറപ്പിക്കാമെന്ന്‌ വിശ്വസിപ്പിച്ച്‌ സൃഹൃത്തായ തൃശൂര്‍ കയ്‌പമംഗലം ചമ്മിനിയില്‍ റസീന, ഭര്‍ത്താവ്‌ അബ്‌ദുള്‍ മാലിക്‌ എന്നിവര്‍ തന്നില്‍നിന്നും 10 ലക്ഷം രൂപ വാങ്ങി. കേസുകള്‍ വാദിക്കുന്നതിനായി വക്കീലിനെ കാണിക്കുന്നതിനായി ദൃശ്യങ്ങള്‍ നല്‍കണമെന്നു പറഞ്ഞ്‌ ഇതു പിന്നീട്‌ പെന്‍ഡ്രൈവിലാക്കി കൊണ്ടുപോയി. ആലുവ റൂറല്‍ എസ്‌പിക്കു പരാതി കൊടുത്തതിനു പിന്നാലെതന്നെ ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ടു ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയില്‍ പോയിരുന്നുവെന്നും സംഭവത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും പറഞ്ഞതായും പരാതിയില്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :