ചെന്നിത്തലയെ ഒതുക്കി ഐ ഗ്രൂപ്പിന്റെ താക്കോല്‍ മുരളീധരന് നല്‍കും; അണിയറയിലെ നീക്കത്തിന് ലീഗിന്റെ ആശിര്‍വാദം

ഇത്തരമൊരു സാഹചര്യം രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയ ഭാവിയെ തകര്‍ക്കും

ramesh chennithala , UDF , k muralidharan , muslim legue പിണറായി വിജയന്‍ , ഉമ്മന്‍ ചാണ്ടി , മുരളീധരന്‍ , ചെന്നിത്തല
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 20 ജൂലൈ 2016 (19:42 IST)
തെരഞ്ഞെടുപ്പ് തോല്‍‌വിക്ക് പിന്നാലെ യുഡിഎഫില്‍ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തില്‍ കെ മുരളീധരനെ ഐ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേക്ക് എത്തിക്കാന്‍ അണിയറയില്‍ നീക്കം. ഉമ്മന്‍ ചാണ്ടിയെ ഒതുക്കിയെന്ന് സ്വയം വിശ്വസിക്കുന്ന രമേശ് ചെന്നിത്തലയ്‌ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കേണ്ടി വന്നതോടെ ഗ്രൂപ്പിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സമയം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഐ ഗ്രൂപ്പിനെ മുരളിയുടെ വരുതിയിലാക്കാന്‍ മുസ്‌ലിം ലീഗിന്റെ ആശിര്‍വാദത്തോടെ നീക്കം ശക്തമായത്.

പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് ബിജെപിയുടെ ഇടപെടലുകളെ ചെറുത്തും മുന്നോട്ടു പോകണമെങ്കില്‍ നിലവിലെ നേതാക്കള്‍ പോരാ എന്ന നിലപാടാണ് പാര്‍ട്ടിയിലുള്ളത്. കോണ്‍ഗ്രസിന്റെ അടിത്തട്ടില്‍ വരെ ഈ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുരളീധരനെ നേതൃസ്ഥാനത്തേക്ക് എത്തിക്കാനാണ് ഒരു വിഭാഗം ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ നീക്കം നടത്തുന്നത്. കെ കരുണാകരന്റെ പാത പിന്തുടരുന്ന ഒരാള്‍ക്കു മാത്രമെ ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ സാധിക്കൂ. ഇതിനാല്‍ മുരളീധരന്‍ തന്നെ ഐ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് എത്തണമെന്നാണ് ലീഗ് അടക്കമുള്ളവര്‍ ആഗ്രഹിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വം എന്ന ആശയം രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവരുകയും അതിനായി കോര്‍ കമ്മിറ്റിയെന്ന ആശയം പരിഗണിക്കുകയും ചെയ്‌തപ്പോള്‍ ലീഗ് അതിലേക്ക് ശക്തമായി ഉന്നയിച്ച പേര് മുരളീധരന്റേതായിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് മറ്റൊരു പ്രധാന ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിനും (എം) ഉള്ളത്. ബാര്‍ കോഴക്കേസില്‍ ചെന്നിത്തലയാണ് ചതിച്ചതെന്നാണ് കെ എം മാണിയും കൂട്ടരും അന്നും ഇന്നും വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് പൈതൃകം അവകാശപ്പെടാന്‍ കഴിയുന്ന നേതാവാണ് മുരളിയെന്നുമാണ് കേരളാ കോണ്‍ഗ്രസിന്റെ നിഗമനം.

ഇത്തരമൊരു സാഹചര്യം രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയ ഭാവിയെ തകര്‍ക്കുന്നതാണ്. പ്രതിപക്ഷ നേതാവായതിനാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം കാര്യക്ഷമായി മുന്നോട്ടു കൊണ്ടു പോകാന്‍ അദ്ദേഹത്തിനാകില്ല. അതിനാല്‍ ഗ്രൂപ്പിനെ നിയന്ത്രിക്കാന്‍ മുരളീധരന്‍ എത്തിയാല്‍ പതിയെ പതിയെ എല്ലാം കൈവിട്ടു പോകുമെന്ന ഭയവും ചെന്നിത്തലയ്‌ക്കുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :