യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി ചെന്നിത്തല; എ ഗ്രൂപ്പിന് കൂടുതല്‍ മന്ത്രിമാര്‍, ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന്

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (15:39 IST)

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ശക്തമായി പോരാടിയത് ചെന്നിത്തലയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിനു കൂടുതല്‍ അര്‍ഹത അദ്ദേഹത്തിനു തന്നെയാണെന്നും കോണ്‍ഗ്രസില്‍ പൊതുഅഭിപ്രായമുണ്ട്. യുവ നേതാക്കളുടെ പിന്തുണയും ചെന്നിത്തലയ്ക്കാണ്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തില്ലെങ്കിലും തന്റെ വിശ്വസ്തര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനുള്ള ചരടുവലികള്‍ നടത്തുമെന്ന് ഉറപ്പാണ്. ഐ ഗ്രൂപ്പുകാരനായ ചെന്നിത്തല മുഖ്യമന്ത്രിയാകുമ്പോള്‍ എ ഗ്രൂപ്പിന് ആറ് മന്ത്രിമാരെ കിട്ടാനാണ് സാധ്യത. ഐ ഗ്രൂപ്പിന് മുഖ്യമന്ത്രി അടക്കം അഞ്ച് മന്ത്രിമാര്‍. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരും എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും.

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിനായിരിക്കും. കുഞ്ഞാലിക്കുട്ടിക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ളത്.

കേരള കോണ്‍ഗ്രസില്‍ നിന്നു ജയിച്ചുവരുന്ന പി.ജെ.ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കും. മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ജോസഫ് തയ്യാറല്ലെങ്കില്‍ മോന്‍സ് ജോസഫിനാണ് സാധ്യത. പിറവത്ത് ജയിച്ചാല്‍ അനൂപ് ജേക്കബ് മന്ത്രിയാകും.

ഷാഫി പറമ്പില്‍, കെ.എസ്.ശബരിനാഥന്‍ എന്നിവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. തൃത്താലയില്‍ ജയിച്ചാല്‍ വി.ടി.ബല്‍റാമിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കും. സ്പീക്കര്‍ പദവി ലീഗിനു ലഭിക്കാനാണ് സാധ്യത. നേമത്ത് കെ.മുരളീധരന്‍ ജയിച്ചാല്‍ സുപ്രധാന വകുപ്പ് നല്‍കി മന്ത്രിയാക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :