Sumeesh|
Last Modified ശനി, 23 ജൂണ്‍ 2018 (09:11 IST)
പത്തനംതിട്ടയിൽ മാരകമായ ടൈപ്പ് ത്രീ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതേതുടർന്ന് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. നാറാണമൂഴി പഞ്ചായത്തിൽ 11 വയസുകാരനാണ് ടൈപ്പ് ത്രി ഡെങ്കിൽ സ്ഥിരീകരിച്ചത്. തലച്ചോറിനെയാണ് ടൈപ്പ് ത്രി ഡെങ്കി ബാധിക്കുക എന്നതിനാൽ അസുഖം കണ്ടെത്താൻ വൈകിയാൽ മരണം വരെ സംഭവിച്ചേക്കാം.
ഈ സീസണിൽ 300 ലധികം പേർക്കാണ് ഡെങ്കി ബാധിച്ചത്. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. മലമ്പനി പരത്തുന്ന അനോഫിലിസ് പെൺ കൊതുകുകളുടെ സാനിധ്യവും ജില്ലയിൽ കണ്ടെത്തിയതായി ആരൊഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമ്പൂർണ മലേറിയ വിമുക്ത ജില്ലയായി പത്തനം തിട്ടയെ പ്രഖ്യാപിക്കുന്നതിനു മുന്നൊടിയായുള്ള പരിശോധനയിലാണ് അനോഫിലിസ് കൊതുകുകളുടെ സാനിധ്യം കണ്ടെത്തിയത്.
ഈ വർഷം 19 അന്യ സംസ്ഥാന തൊഴിലാളികൾക്ക് മലമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രദേശവാസികൾക്ക് ആർക്കും തന്നെ മലമ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കിൽ മലമ്പനി പടർന്നു പിടിച്ചേക്കാം എന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.