തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 2 ജൂണ്‍ 2015 (08:49 IST)
കേന്ദ്ര സർക്കാരിന്റെ ട്രോളിംഗ് നിരോധനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഫിഷറീസ് മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥരും മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
തിങ്കളാഴ്‌ച മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തണമെന്നാണു കേന്ദ്രസർക്കാരിന്റെ ഉത്തരവ്. എന്നാൽ, എല്ലാ വർഷത്തെയും പോലെ 47 ദിവസം മാത്രം ട്രോളിംഗ് നിരോധനം മതിയെന്ന നിലപാടാണു സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ജൂണ്‍ 15 മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം.
ട്രോളിംഗ് നിരോധനസമയത്തു പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്കു കടലിൽ പോകാൻ അനുമതിയും നൽകി. എന്നാൽ, കേരളത്തിന്റെ സമുദ്രാതിർത്തിയായ 12 നോട്ടിക്കൽ മൈലിനപ്പുറത്തു മൽസ്യബന്ധനം നടത്തിയാൽ തീരസംരക്ഷണ സേനയുടെ പിടിയിൽപ്പെട്ടേക്കാം. തിങ്കളാഴ്‌ച അതിർത്തി ലംഘിച്ച ബോട്ടുകളെ സേന തിരിച്ചയച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇങ്ങനെ തുടരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ തൊഴിലാളികൾക്കെതിരെ കേസെടുക്കാനോ നിയമനടപടികൾക്കോ തീരസംരക്ഷണ സേനയ്ക്ക് അധികാരമില്ല.
കസ്റ്റഡിയിലെടുക്കുന്നവരെ തുടർനടപടികൾക്കായി അതതു സംസ്ഥാനങ്ങളെ ഏൽപ്പിക്കുകയാണു സേന ചെയ്യുക. സ്വാഭാവികമായും കേരളത്തിന് ഇവർക്കെതിരെ കേസെടുക്കേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്നു ഫിഷറീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.