വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണല്‍ പൂന്തുറ മുതല്‍ വേളി വരെ നിക്ഷേപിക്കണമെന്ന് മന്ത്രി ആന്റണി രാജു

ശ്രീനു എസ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (08:42 IST)
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണല്‍ മുതല്‍ വേളി വരെയുള്ള തീരദേശത്തു നിക്ഷേപിക്കണമെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇതു സംബന്ധിച്ചു പദ്ധതി രൂപരേഖ തയാറാക്കി നടപ്പാക്കണമെന്ന നിര്‍ദേശത്തോടെ ഫിഷറീസ് മന്ത്രിക്ക് അദ്ദേഹം കത്ത് നല്‍കി.

തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും തീരശോഷണത്തിനു പരിഹാരം മണല്‍ നിക്ഷപം മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മാണ കമ്പനിക്ക് ഇക്കാര്യത്തില്‍ അടിയന്തിര നിര്‍ദേശം നല്‍കണം.

കടല്‍ തീരത്ത് വടക്കുനിന്നു തെക്കോട്ടുള്ള മണലൊഴുക്കാണു വിഴിഞ്ഞത്തു മണല്‍ത്തിട്ട രൂപപ്പെടാന്‍ കാരണം. തുറമുഖ നിര്‍മാണ കമ്പനി ഈ മണല്‍ സൗജന്യമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വിഴിഞ്ഞത്തിന്റെ വടക്കോട്ടുള്ള തീരങ്ങളില്‍ തീരശോഷണം സംഭവിക്കാതിരിക്കുന്നതിനായി മണല്‍ അടിയുന്ന സ്ഥലങ്ങളില്‍ നിന്ന് അതെടുത്ത് തീരശോഷണം സംഭവിക്കുന്ന മേഖലയില്‍ നിരന്തരമായി നിക്ഷേപിച്ചു കൊണ്ടിരിക്കണം എന്ന ഡോ.എം.എസ് സ്വാമിനാഥന്റെ വിദഗ്ധസമിതി റിപ്പോര്‍ട്ട് നടപ്പാക്കണം. മുതലപ്പൊഴി ഹാര്‍ബറിനു വടക്ക് അഞ്ചുതെങ്ങ് ഭാഗത്തെ തീരശോഷണത്തിനു പരിഹാരമായും ഈ മാര്‍ഗമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതു പരിഗണിച്ച് തീരപ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കി, പൂന്തുറ മുതല്‍ വേളി വരെ മണല്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതി തയാറാക്കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :