തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ഇനി മുതല്‍ സോണ്‍ തിരിച്ച് ചികിത്സ: മുഖ്യമന്ത്രി

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2020 (20:12 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തില്‍ ഇനി മുതല്‍ മൂന്നു സോണുകളായി തിരിച്ചാവും ചികിത്സ ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെയാണ് സോണ്‍ തിരിക്കുക.

അതീവ ഗുരുതരാവസ്ഥയിലുള്ളവരെ ചുവന്ന സോണിലും ഗുരുതരാവസ്ഥയിലുള്ളവരെ മഞ്ഞ സോണിലും അല്ലാതെയുള്ളവരെ ഗ്രീന്‍ സോണിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കും. ചുവപ്പ്, പച്ച സോണുകളില്‍ 12 വീതവും മഞ്ഞ സോണില്‍ 62 ഉം രോഗികളെ ഒരേ സമയം ചികിത്സിക്കാനുള്ള സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ട്രോമ കെയര്‍, എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

33 കോടി രൂപ ചെലവഴിച്ചാണ് പുതിയ സൗകര്യം ഒരുക്കിയത്. അത്യാഹിത വിഭാഗങ്ങളില്‍ എത്തുന്ന രോഗികള്‍ക്ക് തീവ്രത അനുസരിച്ച് ചികിത്സ ഉറപ്പാക്കാനാവും. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, ഇ. എന്‍. ടി വിഭാഗങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :