നിരവധി പേർക്ക് ഭക്ഷ്യവിഷബാധ : റസ്റ്റോറന്റ് പൂട്ടിച്ചു

എ കെ ജെ അയ്യര്‍| Last Modified ശനി, 2 മാര്‍ച്ച് 2024 (19:19 IST)
തിരുവനന്തപുരം: കഴിഞ്ഞ രാത്രി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് അധികാരികൾ റെസ്റ്റോറന്റ് പൂട്ടിച്ചു. ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ന്യു സ്‌പൈസ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച അറുപതോളം പേർക്കാണ് ഭക്ഷ്യവിഷബാധ ഇട്ടത്.

വയറിളക്കവും ഛർദ്ദിയുമായി ഒരു കുടുംബത്തിലെ എട്ടു പേർ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷ ഏറ്റത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ആരുടെയും നില ഗുരുതരമല്ല എന്നതാണ് ആശ്വാസം.

റെസ്റ്റോറന്റിൽ നിന്ന് ചിക്കൻ നൂഡിൽസ്, കുഴിമന്തി, ഷവർമ, അൽഫാൻ, മയോണൈസ് എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. റെസ്റ്റോറന്റിൽ നിന്ന് ഭക്ഷ്യപദാര്ഥങ്ങൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രദേശത്തു കർശന പരിശോധനയ്ക്കുള്ള തയ്യാറെടുപ്പിലാണ് അധികാരികൾ.

വർക്കല ശിവഗിരി മിഷൻ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ നാൽപ്പതോളം പേർക്കായി പ്രത്യേക വാർഡ് തന്നെ ഒരുക്കിയിട്ടുണ്ടെന്നാണ് അധികാരികൾ അറിയിച്ചത്. വർക്കല താലൂക്ക് ആശുപത്രി, ചിറയിൻകീഴ്, മണമ്പൂർ എന്നീ ആശുപത്രികളിലും ചികിത്സ തേടിയെത്തിയവരുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :