സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 29 ഡിസംബര്‍ 2022 (08:24 IST)
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിനു ശേഷം തിരികെ കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ ഡ്യൂട്ടി സാര്‍ജന്റിനെ സസ്‌പെന്റ് ചെയ്തു. സെക്യൂരിറ്റി സാര്‍ജന്റ് (ഗ്രേഡ്-1) ആയ പ്രവീണ്‍ രവിയെയാണ് 1960 ലെ കേരള സിവില്‍ സര്‍വ്വീസസ് (ക്ലാസിഫിക്കേഷന്‍ കണ്‍ട്രോള്‍ & അപ്പീല്‍) ചട്ടങ്ങളിലെ ചട്ടം-10 (2) പ്രകാരം
അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോളജി തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും കൊണ്ടുവന്ന രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ച് സി ടി സ്‌കാന്‍ എടുത്ത ശേഷം രാത്രി 11 ന് തിരികെ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ലഭ്യമാക്കിയില്ല എന്ന പരാതി സംബന്ധിച്ച അന്വേഷണത്തിനു ശേഷമാണ് സാര്‍ജന്റിനെതിരെ നടപടിയെടുത്തത്. ഓക്‌സിജന്‍ ഘടിപ്പിച്ച ട്രോളിയിലാണ് ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിന് കൊണ്ടുപോയത്. ഓക്‌സിജന്‍ തീരുന്നതിനു മുമ്പ് രോഗിയെ തിരികെക്കൊണ്ടു പോകണമായിരുന്നു. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടാക്കി രോഗിയെ തിരികെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിക്കുകയായിരുന്നു. ആംബുലന്‍സും ഡ്രൈവര്‍മാരും സെക്യൂരിറ്റി വിഭാഗത്തിന്റെ ചുമതലയിലായതിനാല്‍ യഥാസമയം ഇടപെട്ട്
ആംബുലന്‍സ് എത്തിക്കേണ്ടത് സാര്‍ജന്റിന്റെ ചുമതല കൂടിയാണ്.