തിരുവനന്തപുരം|
ശ്രീനു എസ്|
Last Modified ബുധന്‍, 2 ഡിസംബര്‍ 2020 (09:20 IST)
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഭവന സന്ദര്‍ശനത്തിലടക്കം പ്രോട്ടോക്കോള്‍ ലംഘനം നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം. പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ കളക്ടര്‍ പൊലീസിനു നിര്‍ദേശം നല്‍കി.
ഭവന സന്ദര്‍ശനത്തില്‍ ഒരു സമയം സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി അഞ്ചു പേര്‍ മാത്രമേ പാടുള്ളൂ എന്നാണു തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം. എന്നാല്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഇതു ലംഘിച്ച് കൂട്ടമായി ആളുകള്‍ എത്തുന്നതായി ഇന്നലെ ചേര്‍ന്ന എംസിസി സെല്ലിന്റെ യോഗത്തില്‍ പരാതികള്‍ ലഭിച്ചു. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന നിര്‍ദേശവും കര്‍ശനമായി പാലിക്കണം. ജാഥ, ആള്‍ക്കൂട്ടം എന്നിവ പാടില്ല.
പൊതുയോഗങ്ങള്‍ നടത്തുന്നതിനു മുന്‍പു നിര്‍ബന്ധമായും പൊലീസിന്റെ അനുമതി വാങ്ങിയിരിക്കണം. സ്ഥാനാര്‍ഥികള്‍ക്കു ബൊക്കെ, നോട്ടുമാല, ഹാരം എന്നിവ നല്‍കിയുള്ള സ്വീകരണം പാടില്ല. സ്ഥാനാര്‍ഥിക്കു കോവിഡ് പോസിറ്റിവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടന്‍ പ്രചാരണ രംഗത്തുനിന്നു മാറി നില്‍ക്കണമെന്നും കളക്ടര്‍ പറഞ്ഞു.