നയാ പൈസയില്ല...കൈയ്യിലൊരു നയാ പൈസയില്ല... ട്രഷറിക്ക് പൂട്ടുവീഴും!!!

ട്രഷറി, കേരളം, ധനവകുപ്പ്, ശമ്പളം, നികുതി
തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (08:30 IST)

സംസ്ഥാനം അതീവ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. സര്‍ക്കാര്‍ ജീവനകാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കേണ്ട സമയമായിട്ടും ട്രഷറിയില്‍ ആവശ്യത്തിന് പണമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജീവനക്കാരുടെ ശമ്പളത്തിനായി മാത്രം സര്‍ക്കാര്‍ 1200 കോടിരൂപ കണ്ടെത്തേണ്ടതായുണ്ട്. എന്നാല്‍ ട്രഷറിയില്‍ ആവശ്യത്തിന് പണമില്ലാത്തത് സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

പൂജാ അവധിയായതിനാല്‍ രണ്ടുദിവസം ശമ്പളം നല്‍കാതെ സര്‍ക്കാരിനു പിടിച്ചു നില്‍ക്കാന്‍ സാധിക്കും. അതിനുള്ളില്‍ ബീവറേജ് കോര്‍പ്പറേഷനില്‍ നിന്നും മുന്‍‌കുറായി നല്‍കണമെന്നു പറഞ്ഞിരിക്കുന്ന നികുതി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കേന്ദ്രനികുതിവിഹിതമായി 650 കോടിയും വന്‍‌കിട ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മുന്‍‌കൂറായി പിരിക്കുന്ന നികുതിയും എത്തുന്നതോടെ രണ്ടുദിവസത്തിനുള്ളില്‍ പ്രതിസന്ധി മറികടക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

മാസാദ്യ ദിനമായ ഇന്നു സെക്രട്ടേറിയറ്റ്‌, നിയമസഭ, റവന്യു, ട്രഷറി ഉള്‍പ്പെടെ 45ല്‍ പരം വകുപ്പുകളുടെ ശമ്പളമാണു നല്‍കേണ്ടത്‌. ഇതിനെല്ലാം കൂടി 600 മുതല്‍ 800 കോടിയും മറ്റു ചെലവുകള്‍ക്കായി 400 കോടിയുമാണ്‌ വേണ്ടത്‌. ഇന്നു തന്നെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥപ്പെട്ടാല്‍ ട്രഷറി ഓവര്‍ഡ്രാഫ്‌റ്റിലേക്ക് പോകാന്‍ സാധ്യതയുണ്ട്. സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നു എന്ന് അത് വ്യാഖ്യാനിക്കാന്‍ ഇടവരുത്തുമെന്നതാണ് സംസ്ഥാന സര്‍ക്കാരിനെ കുഴപ്പിക്കുന്നത്.

നികുതിപിരിവില്‍ കാര്യമായ പുരോഗതിയില്ലാത്തതാണ് പ്രശ്നമായിരിക്കുന്നത്. ഭാവിയില്‍ ഇത് സംസ്ഥാനത്തിന് ഭീഷണിയായിത്തീരും. കഴിഞ്ഞ ഓഗസ്‌റ്റുവരെ സംസ്‌ഥാനത്തിന്‌ ലഭിച്ച നികുതി 10,616.73 കോടി മാത്രമാണ്‌. അധികനികുതി പിരിക്കാനായുള്ള രണ്ട്‌ ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ പി. സദാശിവം അംഗീകരിച്ചതിനാല്‍ തല്‍ക്കാലം തട്ടീം മുട്ടീം സര്‍ക്കാരിന് മുന്നൊട്ട് പോകാന്‍ സാധിക്കും.

ശമ്പളവും മറ്റും മുടങ്ങാതിരിക്കാന്‍ പൊതുമേഖല സ്‌ഥാപനങ്ങളുടെ ഫണ്ടുകള്‍ ഹ്രസ്വകാലത്തേക്കെങ്കിലും ട്രഷറിയിലേക്കു മാറ്റാനാണ്‌ ധനവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന്‌ ഇന്നലെ കുറേ ഫണ്ടുകള്‍ വന്നിട്ടുണ്ട്‌. പൊതുമേഖലസ്‌ഥാപനങ്ങളില്‍ നിന്നു ഫണ്ടുകള്‍ ട്രഷറിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അത് ബന്ധപ്പെട്ടവര്‍ നടപ്പിലാക്കാന്‍ വിമുഖത പ്രകടിപ്പിച്ചതായാണ് വിവരം. ശമ്പളം നല്‍കുക എന്ന കടമ്പ എങ്ങനേയും ചാടിക്കടക്കാന്‍ പറ്റിമെന്ന് തന്നേയാണ് സര്‍ക്കാര്‍ പ്രതിക്ഷിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :