ട്രഷറികളില്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കുമോ?

രേണുക വേണു| Last Modified തിങ്കള്‍, 22 മെയ് 2023 (09:50 IST)

ട്രഷറികളില്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. രണ്ടായിരത്തിന്റെ നോട്ട് റിസര്‍വ് ബാങ്ക് പിന്‍വലിച്ചതിനാല്‍ നോട്ടുകള്‍ സ്വീകരിക്കേണ്ട എന്ന നിലപാടായിരുന്നു ട്രഷറി വകുപ്പിന്. എന്നാല്‍, നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാന്‍ ആര്‍ബിഐ അവസരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബിവറേജസ് കോര്‍പറേഷന്റെ വില്‍പ്പനശാലകളില്‍ 2000 ത്തിന്റെ നോട്ട് നിലവില്‍ സ്വീകരിക്കില്ല.

രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍ പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്, അല്ലാതെ നിരോധിക്കുകയല്ല. അതായത് നിങ്ങളുടെ കൈകളില്‍ നിലവിലുള്ള രണ്ടായിരം രൂപ നോട്ടുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ക്രയവിക്രയം നടത്താം. രണ്ടായിരം രൂപ നോട്ട് തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.

എന്നിരുന്നാലും 2023 സെപ്റ്റംബര്‍ 30 നോ അതിനു മുന്‍പോ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനും കൈമാറ്റം ചെയ്യാനും താല്‍പര്യപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും അല്ലെങ്കില്‍ മാറ്റി വാങ്ങുന്നതിനുമായി ഏതെങ്കിലും ബാങ്ക് ശാഖകളെ സമീപിക്കാവുന്നതാണ്. അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബര്‍ വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബര്‍ 30 വരെ ഇഷ്യൂ ഡിപ്പാര്‍ച്ച്മെന്റുകളിലെ ആര്‍ബിഐയുടെ 19 റീജണല്‍ ഓഫീസുകളിലും നോട്ടുകള്‍ മാറാനുള്ള സൗകര്യം ലഭ്യമായിരിക്കും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :