സമ്പൂർണ ലോക്ക്ഡൗണുള്ള സ്ഥലത്തേക്ക് ‌യാത്രക്ക് പാസ് വേണം, മദ്യവിൽപന ശാലകൾക്ക് മുന്നിൽ പോലീസ്: മാർഗനിർദേശങ്ങൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified ബുധന്‍, 16 ജൂണ്‍ 2021 (19:59 IST)
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങളിൽ ഇളവുള്ള (ടിപിആർ 8ന് താഴെ) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കയ്യിൽ കരുതണം. ഈ രണ്ട് വിഭാഗത്തിലുള്ള സ്ഥലങ്ങളിൽ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങൾ എന്നിങ്ങനെ യാത്ര ചെയ്യുന്നവർക്ക് പോലീസ് പാസ് നിർബന്ധമാണ്.

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് മറ്റ് ഇടങ്ങളിൽ പോകുന്നതിനും പാസ് ആവശ്യമാണ്.പാസ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർ ആവശ്യമായ രേഖകൾക്കൊപ്പം എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈൽ നമ്പർ വാഹന നമ്പർ എന്നിവ ഉൾപ്പെടുത്തി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിക്കണം.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ഇവർ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകൾ ഇവയിൽ അനുയോജ്യമായത് കയ്യിൽ കരുതണം. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :