സി പി എം ഇല്ലാതായാൽ മാത്രമേ ബിജെപിക്ക് വളരാനാകൂ, അണികളോട് കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ സംഘപരിവാര്‍ ആവശ്യപ്പെട്ടു; റിപ്പോർട്ട് പുറത്ത്

കേരളത്തിൽ ബിജെപിയുടെ ശത്രു കോൺഗ്രസ് അല്ല, സി പി എം ആണ്...

Last Modified ശനി, 1 ജൂണ്‍ 2019 (07:26 IST)
കേരളത്തിൽ വേരുറയ്ക്കാൻ കഴിയാത്തതിന്റെ കാരണം സി പി എം ആണെന്ന് സംഘപരിവാർ തന്നെ തുറന്നു സമ്മതിച്ചതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സംഘപരിവാര്‍ കേഡര്‍മാര്‍ 14 ലോക്സഭ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വോട്ട് ചെയ്തെന്ന് റിപ്പോര്‍ട്ട്. ദ ഹിന്ദു വിന്റേതാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന് കേരളത്തില്‍ സ്വാധീനം കുറഞ്ഞാല്‍ മാത്രമാണ് തങ്ങള്‍ക്ക് വളരാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിലാണ് സംഘപരിവാർ ഇത്തരത്തിൽ നീക്കം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സിപിഎം ഇല്ലാതായാല്‍ മാത്രമേ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനായാസം വളരാന്‍ ആവൂ എന്ന് സംഘപരിവാര്‍ നേതൃത്വം കരുതുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നാല് മണ്ഡലങ്ങളിൽ മാത്രമാണ് ശക്തമായ പ്രവർത്തനം പോലും നടത്തിയത്. ബാക്കിയുള്ള 16 മണ്ഡലങ്ങളിലും വോട്ട് കോൺഗ്രസിന് ചെയ്യാനായിരുന്നു സംഘപരിവാറുടെ ആഹ്വാനം.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങളിൽ മാത്രമാണ് തങ്ങളുടെ വോട്ടുകളും അധികം വോട്ടുകളും പിടിക്കാനുള്ള തീരുമാനം സംഘപരിവാര്‍ എടുത്തിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് 14 മണ്ഡലങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും അവരുടെ കുടുംബങ്ങളുടേയും വോട്ടുകള്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടന്ന് സംഘപരിവാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുപിടിച്ച് പാര്‍ട്ടിയുടെ പ്രകടനം കേരളത്തില്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പിയുടെ പുതിയ ലക്ഷ്യം. അതിനായി കോൺഗ്രസിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. ബിജെപിയുടെ വളർച്ചയ്ക്ക് കോൺഗ്രസ് ഒരിക്കലും വിലങ്ങ് തടിയാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :