കുമ്മനത്തെ തഴഞ്ഞതെന്തിന്? അമിത് ഷായുടെ പുതിയ തന്ത്രം!

2016 ലെ നിയമസഭാതിരഞ്ഞെടുപ്പിലെ രണ്ടാംസ്ഥാനം ‘ഒന്നാമതാക്കുക’ എന്ന അവസരവും സാധ്യതയുമാണു ബിജെപിക്ക്.

Last Modified വെള്ളി, 31 മെയ് 2019 (16:39 IST)
തന്റെ രണ്ടാമൂഴത്തിൽ കേരളത്തിനു സമ്മാനമായി വി മുരളീധരനു മന്ത്രിസ്ഥാനനം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ആരൊക്കെ ഉണ്ടാകും എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഗവർണർ പദവി രാജിവച്ച് തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ച കുമ്മനം രാജശേഖരനു മന്ത്രിസ്ഥാനം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. എന്നാൽ വട്ടിയൂർക്കാവിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടൽപ്പിൽ കുമ്മനത്തെ മത്സരിപ്പിക്കാനുള്ള ബിജെപി നേതൃയോഗത്തിന്റെ തീരുമാനത്തിന്റെ ഫലമാണോ മന്ത്രിസ്ഥാനം നൽകാതിരുന്നത് എന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

വട്ടിയൂർകാവിൽ തിരഞ്ഞെടുപ്പ് എപ്പോഴെന്ന പ്രഖ്യാപനമായില്ലെങ്കിലും മൂന്നുമുന്നണികളും ഇനി തലസ്ഥാനത്ത് ഓരോ ചുവടു വയ്ക്കുന്നതും ഈ മണ്ഡലം മുന്നിൽ കണ്ടാകും. യുഡിഎഫിനും എൽഡിഎഫിനും എൻഡിഎയ്ക്കും ഒരു കൈനോക്കാൻ പറ്റുന്ന സീറ്റ് എന്നതു വരാൻ പോകുന്ന ആറ് ഉപതിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിലെ പോരിനെ വ്യത്യസ്തമാക്കും.

കെ. മുരളീധരന്റെ സിറ്റിങ് സീറ്റ് നിലനിർത്തുക എന്ന വെല്ലുവിളിയാണു യുഡിഎഫിനു മുന്നിൽ. 2016 ലെ നിയമസഭാതിരഞ്ഞെടുപ്പിലെ രണ്ടാംസ്ഥാനം ‘ഒന്നാമതാക്കുക’ എന്ന അവസരവും സാധ്യതയുമാണു ബിജെപിക്ക്. അന്നും പിന്നീടും
ബിജെപിക്കു പിന്നിൽ മൂന്നാംസ്ഥാനത്താകുന്നതിന്റെ
നാണക്കേട് മാറ്റുകയെന്ന ദൗത്യം ഇടതുമുന്നണിക്കും. 2016ലെ തെരഞ്ഞെടുപ്പിൽ 51322 വോട്ടുകൾക്കാണ് കെ മുരളീധരൻ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. തൊട്ടുപിന്നിലായി കുമ്മനം 43700 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇത്തവണയൊന്ന് ആഞുപിടിച്ചാൽ കുമ്മനത്തെ നിയമസഭയിൽ എത്തിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി അണിയറയിൽ കരുക്കളുമായി സജീവ ചർച്ചയിലാണ് ബിജെപി നേതൃത്വം.

ലോക്സഭാതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും നേടിയ ലീഡ് യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടും. ആറു നിയമസഭാമണ്ഡലങ്ങളിൽ വട്ടിയൂർക്കാവിൽ മൃഗീയ ഭൂരിപക്ഷമാണു ബിജെപി പ്രതീക്ഷിച്ചതെങ്കിൽ മൂവായിരത്തോളം വോട്ടുകൾക്കു പിന്നിലായിയെന്നത് ബിജെപിയെ അലോസരപ്പെടുത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :