രേണുക വേണു|
Last Modified വെള്ളി, 9 ജനുവരി 2026 (11:07 IST)
Assembly Election 2026: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പെ തൃശൂര്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടങ്ങി. ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയതിനാല്‍ ഡിസിസി ആശയക്കുഴപ്പത്തിലാണ്. മുന്‍ എംപി ടി.എന്‍.പ്രതാപന്‍ ഉറച്ച സീറ്റ് ആവശ്യപ്പെട്ടതിനൊപ്പം ജയിച്ചാല്‍ മന്ത്രിസ്ഥാനവും വേണമെന്ന നിലപാടിലാണ്.
മണലൂര്‍, തൃശൂര്‍ എന്നീ സീറ്റുകളിലാണ് പ്രതാപന്റെ കണ്ണ്. കെ.മുരളീധരനു വേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാറിനിന്നതിനാല്‍ ഇത്തവണ തനിക്കു പരിഗണന വേണമെന്ന ആവശ്യം പ്രതാപന്‍ ഡിസിസിയെ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ എം.പി.വിന്‍സെന്റും ജയിച്ചാല്‍ മന്ത്രിസ്ഥാനം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഒല്ലൂരിലാകും വിന്‍സെന്റ് മത്സരിക്കുക.
ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ എന്നിവരും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. പുതുക്കാടോ തൃശൂരോ ആയിരിക്കും ജോസഫ് ടാജറ്റ് മത്സരിക്കുക. ജോസ് വള്ളൂര്‍ ആഗ്രഹിക്കുന്നത് മണലൂര്‍ സീറ്റാണ്. വി.എം.സുധീരനെ മത്സരരംഗത്തിറക്കാനും കെപിസിസി ആലോചിക്കുന്നുണ്ട്. ജില്ലയിലെ 13 സീറ്റുകളില്‍ ഇത്തവണ ആറെണ്ണമെങ്കിലും പിടിച്ചെടുക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 2021 ല്‍ ജില്ലയില്‍ ഒരു സീറ്റ് മാത്രമേ യുഡിഎഫിനു ജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ.