വയനാട് കുടിയേറ്റമൊഴിപ്പിക്കല്‍ ശ്രമത്തിനിടെ സംഘര്‍ഷം

വയനാട്| Last Modified ശനി, 3 മെയ് 2014 (11:16 IST)
വയനാട്ടിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം‍. കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യാശ്രമമുണ്ടായി. സ്ത്രീ ഉള്‍പ്പടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് രണ്ട് പേരാണ് ആത്മഹത്യാശ്രമം നടത്തിയത്. മറ്റൊരാള്‍ കയറുമായി മരത്തിന് മുകളില്‍ കയറി. 144 കുടുംബങ്ങളാണ് ഇവിടെ കുടില്‍കെട്ടി കഴിയുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ജില്ലാ ഭരണകൂടവും ഒഴിപ്പിക്കല്‍ നടപടിക്കായി എത്തിയത്. 
 
പൊലീസിനെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നത്. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരാണ് ഒഴിപ്പിക്കലിനെതിരേ രംഗത്തെത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി സിപിഎം നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. സികെ ശശീന്ദ്രന്റെയും പി കൃഷ്ണപ്രസാദിന്റെയും നേതൃത്വത്തിലുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും പോലീസിനെ തടഞ്ഞു. ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കല്‍ നടത്തില്ലെന്ന് ജില്ലാ കളക്ടറുടെ ഉറപ്പിനെത്തുടര്‍ന്ന് സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.
 
ജനുവരിയിലാണ് ഇവിടെ കുടില്‍കെട്ടി കഴിയുന്ന കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പിലാക്കാനുള്ള കാലാവധി ഏപ്രില്‍ 30 ന് അവസാനിച്ച സാഹചര്യത്തിലാണ് ബലമായ ഒഴിപ്പിക്കലിന് തീരുമാനമെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :