രേണുക വേണു|
Last Modified ചൊവ്വ, 17 മെയ് 2022 (09:04 IST)
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് ഉപേക്ഷിക്കും. ഇനിയും കാത്തിരിക്കേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റേയും ദേവസ്വങ്ങളുടേയും തീരുമാനം. മഴയെ തുടര്‍ന്ന് മൂന്ന് തവണ വെടിക്കെട്ട് മാറ്റിവെച്ചു. മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ ഇനി വെടിക്കെട്ട് നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. അതിനാലാണ് വെടിക്കെട്ട് ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നത്.
അത്യുഗ്ര പ്രഹരശേഷിയുള്ള വെടിക്കോപ്പുകള്‍ സൂക്ഷിക്കുകയെന്നത് ജില്ലാ ഭരണകൂടത്തിനും പൊലീസിനും തലവേദനയായി മാറിയിരിക്കുകയാണ്. അധികനാള്‍ സൂക്ഷിക്കാന്‍ സാധിക്കാത്തവയും തണുപ്പും ചൂടും അധികം ഏല്‍ക്കാന്‍ പാടില്ലാത്തവയുമാണ് വെടിക്കോപ്പുകളില്‍ ഭൂരിഭാഗവും. സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കാക്കനാട്ടെ നാഷ്ണല്‍ ആംസ് ഫാക്ടറിയില്‍ ഇവ പൊട്ടിച്ച് നശിപ്പിക്കുന്നതിന് സംവിധാനമുണ്ട്. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ ഇവിടെ നിന്ന് മാറ്റാന്‍ പെസോ (പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സെഫ്റ്റി ഓര്‍ഗനൈസേഷന്‍) അനുമതി നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് പെസോ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.