കലാഭവൻ മണിയുടെ മരണം: പത്തു പേര്‍ കസ്റ്റഡിയില്‍; ഔട്ട് ഹൗസിലെ മദ്യപാനത്തില്‍ 20ഓളം ആളുകള്‍ പങ്കെടുത്തെന്ന് സൂചന; ചോദ്യം ചെയ്യല്‍ ഇന്നും തുടരും

നടൻ കലാഭവൻ മണി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം

തൃശൂര്, കലാഭവന്‍ മണി, മരണം, പൊലീസ് thrissur, kalabhavan mani, death,police
തൃശൂര്| Sajith| Last Modified ശനി, 19 മാര്‍ച്ച് 2016 (07:42 IST)
നടൻ കലാഭവൻ മണി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവരുടെ എണ്ണം ഇതോടെ പത്തായി. മണിയുടെ സഹായികള്‍ ഉള്‍പ്പെടെയുള്ളവരാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. അവശ നിലയില്‍ കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഔട്ട് ഹൗസ് വൃത്തിയാക്കിയ സഹായികളുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനവും തുടരും.

ആന്തരികാവയവ പരിശോധനാഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നതിനാൽ അന്വേഷണത്തിന്റെ ഗതിമാറ്റാൻ അന്വേഷണസംഘം തീരുമാനിച്ചു. ആവശ്യമെങ്കിൽ അന്വേഷണസംഘത്തിൽ അഴിച്ചുപണി നടത്തും.
അന്വേഷണ സംഘം ചെറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് കസ്റ്റഡിയിലായ പത്ത് പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഔട്ട് ഹൗസിലെ മദ്യപാനത്തില്‍ ഇരുപതിനടുത്ത് ആളുകള്‍ പങ്കെടുത്തെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ സാന്നിധ്യത്തില്‍ മണി മദ്യം കഴിച്ചില്ലെന്ന ടെലിവിഷന്‍ താരം സാബു മോന്റെ മൊഴി കളവാണെന്ന് മണിയുടെ മാനേജര്‍ ജോബി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. തലേദിവസം മണിക്കൊപ്പം ഔട്ട് ഹൗസിലെത്തിയ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ഇതിനിടെ, മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവർ സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയിൽ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചു. പക്ഷേ, പരാതികളൊന്നും രേഖാമൂലം പൊലീസിനു നൽകിയിട്ടില്ല. ഐജി എം ആർ അജിത്കുമാർ, ജില്ലാ റൂറൽ പൊലീസ് മേധാവി കെ കാർത്തിക്, സിഐ ക്രിസ്പിൻ സാം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു കേസിന്റെ സ്ഥിതി വിലയിരുത്തി. തുടർന്ന് അന്വേഷണ സംഘത്തിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നടത്തി.

കീടനാശിനിയുടെ ഉറവിടം കണ്ടെത്തുകയെന്ന നിര്‍ണായക ഘട്ടത്തിലേക്കാണ് പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണിക്കൊപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കളുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയെന്നാണ് പുറത്തുവന്ന സൂചന. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബോധപൂര്‍വ്വം കലാഭവന്‍ മണിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായോ എന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.

ക്ലോർപൈറിഫോസ് അതിരൂക്ഷ ഗന്ധമുള്ള കീടനാശിനിയായതിനാൽ ഇത് ഒരാൾ അറിയാതെ കഴിക്കണമെങ്കിൽ അതിന്റെ അളവു ചെറുതായിരിക്കണം. ചെറിയതോതിൽ കീടനാശിനി കലർന്ന വിഷമദ്യം മണി അറിയാതെ കഴിച്ചതാവാനുള്ള സാധ്യത ബലപ്പെടുത്തുന്നതാണു രാസപരിശോധനാ ഫലമെന്നു ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :