ആഭ്യന്തര മന്ത്രിക്ക് വധഭീഷണി; രണ്ടു പേര്‍ അറസ്റ്റില്‍

ഒറ്റപ്പാലം| Last Modified ശനി, 24 മെയ് 2014 (08:33 IST)
ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കും വിദ്യാഭ്യാസമന്ത്രി അബ്‌ദുറബ്ബിനും വധഭീഷണി. സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ്‌ പിടിയിലായി. വസ്‌തു ഇടപാടിലെ തര്‍ക്കത്തിന്മേലുള്ള വൈരാഗ്യം തീര്‍ക്കുന്നതിനായിരുന്നു ആഭ്യന്തര മന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും വധഭീഷണി മുഴക്കിയത്.
വടക്കഞ്ചേരി പ്ലാഴിയില്‍ താമസിക്കുന്ന കല്ലടിക്കോട്‌ പീച്ചത്തില്‍ റെജി ജോര്‍ജ്‌ (44), തിരുവില്വാമല അത്താണിയില്‍ ലാല്‍സണ്‍ ജോസ്‌ (44) എന്നിവരാണ്‌ പിടിയിലായത്‌.

വസ്‌തു ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലെ വൈരാഗ്യം തീര്‍ക്കാന്‍ വസ്‌തു ഉടമയുടെ പേരില്‍ സിം വാങ്ങി എസ്‌എംഎസായിട്ടായിരുന്നു വധഭീഷണി‌. മന്ത്രിമാരുടെ സ്വകാര്യഫോണിലേക്ക്‌ എസ്‌എംഎസ്‌ വഴി ഭീഷണി അയച്ചതിനെ തുടര്‍ന്ന്‌ ഇന്റലിജന്‍സിന്റെയും പൊലീസിന്റെയും പ്രത്യേക സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുരുങ്ങുകയായിരുന്നു. ഭൂമി ഉടമയുടെ പേരിലുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ്‌ വാങ്ങിയായിരുന്നു ഭീഷണി അയച്ചത്‌. അന്വേഷണത്തില്‍ വെളിപ്പെട്ട വിവരം ഇങ്ങനെ.

ലക്കിടിയില്‍ താമസിക്കുന്ന ഗോപി എന്നയാളുടെ പ്ലാഴിയിലുള്ള സ്‌ഥലവും വീടും വാങ്ങാനുള്ള റെജി ജോര്‍ജിന്റെ പദ്ധതി സ്‌ഥലവിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഗോപിയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇയാളുടെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും സംഘടിപ്പിച്ചായിരുന്നു സിം വാങ്ങിയത്‌. ഈ സിംകാര്‍ഡ്‌ ഇട്ടായിരുന്നു എസ്‌എംഎസ്‌ അയച്ചത്‌. ഗോപിയാണ്‌ സന്ദേശം അയച്ചതെന്ന്‌ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്‌ ഇപക്രാരം ചെയ്‌തത്‌.
ഇടപാടിന്റെ ഇടനിലക്കാരനായിരുന്നു ലാല്‍സണ്‍. ഇയാളും ഗൂഡ പദ്ധതിയില്‍ റെജി ജോര്‍ജ്‌ജിനൊപ്പം പങ്കാളിയായി. അതേസമയം പ്രത്യേക അന്വേഷണ സംഘം ഗോപിയെ ചോദ്യം ചെയ്‌തതോടെയാണ് കാര്യങ്ങള്‍ പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :